Friday, October 17, 2014

അര്‍ബാബും കുമാരന്‍ ഡ്രൈവറും

    ഓ... ഇന്നും വൈകി. ആറര കഴിഞ്ഞു. എല്ലാവരും വീട് പിടിച്ചു. ഓഫീസു ബോയ്‌ സൈനുദ്ധീന്‍ മാത്രമുണ്ട് മൊബൈലില്‍ എന്തോ കുത്തിക്കൊണ്ടിരിക്കുന്നു. ഞാനും കൂടി ഇറങ്ങിയിട്ട് വേണം അവനു ഓഫീസു പൂട്ടി വീട്ടില്‍ പോവാന്‍. ആ ചെങ്ങായി പ്രാകുന്നുണ്ടാകും.
അല്ലെങ്കിലും ഇനി ഇരുന്നിട്ട് കാര്യമില്ല. ഒരു പണിയും നടക്കില്ല. തിരിച്ചു ഓടിക്കാനുള്ള നൂറ്റി ഇരുപതു കിലോമീറ്റര്‍ ഓര്‍ത്തു മാത്രമല്ല കമ്പ്യൂട്ടറില്‍ ഇടക്കിടെ ഒരു സ്ക്രീന്‍ സേവര്‍ പോലെ ദേഷ്യം പിടിച്ച വീട്ടുകാരിയുടെ മുഖം വരുന്നുണ്ടോ എന്ന് സംശയം തോന്നും.
ഇനി എമിരേറ്റ്സ് റോഡിലെ മുഴുവന്‍ ട്രാഫിക്കും അനുഭവിച്ചു റാസ്‌ അല്‍ ഖൈമയിലെ വീട്ടിലെത്തുമ്പോഴേക്കും ഒമ്പതര മണിയെങ്കിലും ആവും. കുട്ടികളുടെ പഠിപ്പില്‍ ശ്രദ്ധിക്കാത്ത, വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കുകയോ അറിയുകയോ ചെയ്യാത്ത, എന്നും നേരം വൈകി വരുന്ന ഗൃഹനാഥന്‍റെ ഇന്നത്തെ കാര്യം കൂടി അങ്ങനെ ഒരു തീരുമാനമായി. എന്നും കരുതും ജാസ്മിന് ഒരു ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങി കൊടുക്കണം എന്ന്. അവളുടെ പരിഭവത്തിനു എന്നും ഒരേ ടോണ്‍ ഒരേ കാര്യം എന്നാ പിന്നെ റെക്കോര്‍ഡ്‌ ചെയ്തു വച്ച് എന്നും പ്ലേ ചെയ്താല്‍ പോരെ..
ഓഫീസിന്‍റെ ഗേറ്റ് ഇറങ്ങുമ്പോള്‍ തന്നെ പേടിയാകും. തള്ളി തിരക്കി എങ്ങനെയെങ്കിലും ഒന്ന് വീട് പിടിക്കാന്‍ നോക്കുന്ന കാറുകളുടെ എണ്ണവും അക്ഷമരായ ആളുകളുടെ മുഖവും ...
മക്കളെ നിങ്ങള്‍ക്കൊക്കെ ഷാര്‍ജയിലോ അജ്മാനിലോ ഒക്കെ എത്തിയാല്‍ മതി, കൂടിയാല്‍ ഒരു മുപ്പതു കിലോ മീറ്റര്‍.... എനിക്ക് അങ്ങ് റാസ്‌ അല്‍ ഖൈമയിലെത്തണം...വഴി മാറടാ മുണ്ടക്കല്‍ ശേഖരാ.... നേരെ മുന്‍പിലെ ട്രക്കിലെ പട്ടാണി ശേഖരന്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.

ആരും വഴി മാറുന്നതിനു മുന്‍പ് തന്നെ അത് സംഭവിച്ചു. 
ഗേറ്റിനു പുറത്തു മതിലിനരികിലായി പഴയ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. അതിന്‍റെ ഡോര്‍ വലിച്ചടച്ചു ഒരറബി എന്‍റെ കാറിനടുത്തേക്ക് ധൃതിയില്‍ വരുന്നു കയ്യിലെ ചൂരല്‍ വടി ഉയര്‍ത്തി പിടിച്ചു എന്തോ ഉച്ചത്തില്‍ പറയുന്നും ഉണ്ട്. ഇനി ഇത് എന്ത് ഹലാക്കാണ് പടച്ചോനെ? അതാ അറബിയുടെ കൂടെയുള്ള രണ്ടാമനും ഇങ്ങോട്ട് തന്നെ വരുന്നു.

അറബി എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഡോര്‍ തുറന്നു കൈ നീട്ടി ഒരു ഷെയ്ക്ക്ഹാന്‍ഡ്‌ തന്നു നേരെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കഴിഞ്ഞു. കൈകള്‍ക്കു നല്ല ഒരം. പൊട്ടി കീറിയ തഴമ്പ് കൊണ്ട് എന്‍റെ കൈ മുറിയുമെന്ന് തോന്നി. ഇതുവരെ ഇങ്ങനെ പണിയെടുത്ത് തഴമ്പുള്ള അറബിക്കു ഞാന്‍ കൈ കൊടുത്തതായി ഓര്‍ക്കുന്നില്ല. അയാള്‍ നന്നായി വിയര്‍ത്തിരുന്നു. തലയിലെ ഷിമാഗ് അഴിച്ചു മുഖവും നരച്ച കുറ്റിമുടിയുള്ള തലയും തുടക്കാന്‍ തുടങ്ങി.... ഒരറുപത്തഞ്ചു വയസ്സെങ്കിലും ഉണ്ടാവും.. പക്ഷെ നല്ല ചുറുചുറുക്കൊടെയാണ് എല്ലാം ചെയ്യുന്നത്... എല്ലാത്തിലും കാണാം ഒരു ധൃതി. ചിലമ്പിച്ചതെങ്കിലും ഉറക്കെ ഇയാള്‍ എന്താണീ അറബിയില്‍ പറയുന്നത്.
അപ്പോഴാണ്‌ അയാളുടെ വെള്ള വസ്ത്രത്തില്‍ അവിടവിടെ ചോരപ്പാടുകള്‍ കണ്ടത്. എന്ത് പറ്റിയതാണോ?...അപകടം വല്ലതും....
ചോദ്യവും ഉത്തരവും കൂടാതെ അറബിയുടെ കൂടെയുള്ള ആളും നേരെ കാറിന്‍റെ പിന്‍സീറ്റില്‍ കയറിയിരുന്നു. വിയര്‍പ്പിന്‍റെ അസഹനീയമായ മണം.... കറുത്ത് നീണ്ട ഒരാള്‍. ഇടക്കിടെ നരച്ച അയാളുടെ മുടി എണ്ണയിട്ടു പറ്റിച്ചു വാര്‍ന്നിരുന്നു. കണ്ടാല്‍ രാജസ്ഥാനിലെ ഏതോ കുഗ്രാമത്തില്‍ നിന്നും വന്ന ഒരു ജാട്ട്കാരനെ പോലെ തോന്നിച്ചു...
അപകടകാരികള്‍ ആണോ? വല്ല കള്ളന്മോരോ മറ്റോ? അറബിയുടെ വസ്ത്രത്തില്‍ കാണുന്ന ചോര പാടുകള്‍? എന്തോ കുറ്റം ചെയ്തു രക്ഷപെടാന്‍ വേണ്ടിയാണോ എന്‍റെ കാറില്‍ കയറിയത്? അറബി പോലീസും പോലീസ്സ്റ്റേഷനും മനസിലൂടെ ഓടി പോയി. ലാപ്ടോപ്പും ഓഫീസിലെ ചില കടലാസുകളും പിന്‍ സീറ്റിലാണ്. അതെടുത്തോടുമോ? എന്തോ ഒരു പേടി.
വൃദ്ധന്‍ എനിക്കു നേരെ തിരിഞ്ഞു അറബിയില്‍ എന്തോ ചോദിക്കുന്നു

അതിനിടെ കൂട്ടുകാരന്‍റെ ഫോണ്‍... ‘എവിടെ എത്തിയെടാ?.. ഓഫീസില്‍ നിന്നും ഇറങ്ങിയോ?’
‘ഇപ്പൊ ഇറങ്ങിയിട്ടെ ഉള്ളൂ.’
അവനോടു പറയണോ കാറില്‍ കയറിയ ഈ അപരിചിതരെ പറ്റി. മലയാളത്തില്‍ പറഞ്ഞാല്‍ ഇവര്‍ക്ക് മനസിലാവുമോ?
‘ഞാന്‍ പിന്നെ വിളിക്കാടാ...... ഒരു വള്ളികെട്ട് കാറില്‍ കയറിയിട്ടുണ്ട്.. ഒന്നെറക്കിവിടാന്‍ നോക്കട്ടെ... കണ്ടിട്ട് അത്ര പന്തിയല്ല.’
‘ഒ കെ..’ അവന്‍ ഫോണ്‍ കട്ട് ചെയ്തു.
ദൂരെ ട്രാഫിക്‌ സിഗ്നല്‍ പച്ചയായി. വണ്ടികള്‍ക്കു നേരിയ അനക്കം വച്ചു.
വൃദ്ധന്‍ വീണ്ടും അറബിയില്‍ പറഞ്ഞു തുടങ്ങി... ഒന്നും മനസിലാവുന്നില്ല എന്തോ നിര്‍ദേശമാണ്.... എന്തൊരു അധികാരം.... കൈ കൊണ്ടുള്ള ആംഗ്യം കൂടി കണ്ടപ്പോ അതിയായ ദേഷ്യം വന്നു..
ലുലു...ലുലു... എന്ന് പറയണത് മാത്രം മനസിലായി....
‘അറബി മാഫി ... അറബി മാഫി....’ നമ്മളും ആംഗ്യത്തില്‍ പുറകില്ലല്ലോ
‘മലബാറി...? അറബി ചോദിച്ചു.
ഞാന്‍ തല കുലുക്കി
സിഗ്നല്‍ വീണ്ടും ചുവന്നു.
‘ലുലു കെ സാഥ് ഉതാരോ. ഇസ് വക്ത് ഇതര്‍ ടാക്സി മില്നെകെ ബഹുത് മുഷ്ക്കില്‍ ഹൈ’ അറബി എന്നെ അത്ഭുതപെടുത്തികൊണ്ട് മുറി ഹിന്ദിയില്‍ സംസാരം തുടങ്ങി..
പടച്ചോനെ കുടുങ്ങി. ലുലു വില്ലെജിന്‍റെ റോഡിലേക്ക് ഇപ്പൊ കയറിയാല്‍ സംശയിക്കേണ്ട നേരം വെളുത്താലും വീട്ടിലെത്തൂലാ
എന്‍റെ ഹിന്ദി ഭാഷാ പാണ്ഡിത്യം വച്ച് ‘ഹിന്ദി മാഫി’ എന്ന് കൂടി പറയേണ്ടതാണ്. അഭിമാനം സമ്മതിച്ചില്ല. കണ്ടം മുറി ഹിന്ദി പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.
ബാബാ, മേ റാസ്‌ അല്‍ ഖൈമ ജാത്താ ഹൈ... ലുലു റോഡ്‌ മേ നഹി ജാത്താ ഹൈ.’
‘അല്ലാഹ്...’ അയാളുടെ കണ്ണുകളിലെ ദൈന്യത ഇപ്പോള്‍ ഞാന്‍ വ്യക്തമായും കണ്ടു.
‘കുമാറാ ഇതര്‍ ഉതാരോ.. കുമാറാ...’ അറബി ഡോര്‍ ഹാന്‍ഡില്‍ തപ്പാന്‍ തുടങ്ങി. എന്തോ ഞാന്‍ പെട്ടെന്ന് അയാളുടെ കയ്യില്‍ പിടിച്ചു.
‘മുഷ്കില്‍ നഹി ബാബാ... ആപ് ബൈട്ടിയെ...’
പെട്ടെന്ന് പിറകില്‍ നിന്നും അടുത്ത അത്ഭുതം..... നല്ല പച്ച മലപ്പുറം മലയാളത്തില്‍.
‘വല്യ ഉപകാരം. ഈ നേരത്ത് ഒറ്റ ടാക്സിക്കാരനെ കിട്ടൂല എത്രപോരം നേരായി ഞങ്ങള്‍ നോക്കണ്’.
‘ഇങ്ങള് മലയാളിയാ... ഞാന്‍ കരുതി..... എന്താ പേര് ?’
‘കുമാരന്‍’
‘നാട്ടില്‍ എവിടെയാ ?’
‘ഞാന്‍ താനൂര് മുക്കോല, ഇങ്ങള്ലോ’
‘ഞാന്‍ തിരൂര്. ചെമ്പ്ര.. കേട്ടിടുണ്ടോ ?’
‘തന്നെ.... കൊറേ പ്രാവശ്യം വന്നെര്‍ക്ന്ന്. ന്‍റെ ഏട്ടന്‍റെ മോളെ അങ്ങട്ടാ കൊടുത്തയച്ചത്‌.. വെറ്റില നുള്ളാന്‍ പോണ സുനീനെ അറിയൊ ?’.
‘ങേ.. നമ്മടെ സുനി. പിന്നെ അറിയാതെ...’ എല്ലാ കൊല്ലവും തറവാട്ടിലെ പറമ്പില്‍ അവന്‍ കൊടി ഇടാറുണ്ട്..
മനസ് നാട്ടിലെ കൊടിക്കൂട്ടങ്ങള്‍ക്കുള്ളിലൂടെ ഒന്ന് കറങ്ങി. തണുപ്പും നനവും.... വെറ്റില നുള്ളുമ്പോള്‍ പൊട്ടിയ വെറ്റിലയുടെ മണം. കൊടിക്കൂട്ടത്തിനു മുകളിലിരുന്നു കളിയാക്കി ചിലക്കുന്ന അണ്ണാറക്കണ്ണന്‍.
‘അര്‍ബാബ് വ്ഹോ മേരെ മുലൂക് ക ആദ്മി ഹൈ...’ കുമാരനു എന്ത് സന്തോഷം.
ഐവാ........അറബി ഞങ്ങളെ നോക്കി ഒറക്കെ ഒറക്കെ ചിരിച്ചു....
എന്താ ഇയാളെ കുപ്പായതിലൊക്കെ ചോര ?’

ഞങ്ങളെ കാറിന്‍റെ പെട്രോള്‍ പൈപ്പ് പൊട്ടി അത് വഴീല്‍ നിന്നു. അര്‍ബാബ് ബ്ലേഡ് എടുത്ത് പൈപ്പ് മുറിച്ചു നന്നക്കിയപ്പോ മൂപ്പരെ കയ്യും മുറിഞ്ഞു പൈപ്പിന്‍റെ മറ്റേ അറ്റോം പൊട്ടി.. ഇഞ്ഞി പൈപ്പ് ഫുള്‍ ആയി മാറ്റണം’’ ഞങ്ങള്‍ രണ്ടു പേരും ചിരിച്ചു... വൃദ്ധനും കാര്യം അറിയാതെ ആ ചിരിയില്‍ പങ്കു ചേര്‍ന്നു....
‘ഇങ്ങക്ക് എന്താ പണി?’ ഞാന്‍ ചോദിച്ചു.

‘അറബാബിന്‍റെ വീട്ടിലെ പണി.... ഡ്രൈവര്‍ വിസയിലാ വന്നത്... പതിനാറാമത്തെ ടെസ്റ്റും പൊട്ടിയപ്പോ... അര്‍ബാബ് പറഞ്ഞു.. കുമാരാ ഇഞ്ഞി ജി ടെസ്റ്റ്‌ നിര്‍ത്തിക്കാള.... ഇപ്പൊ ഇന്‍റെ കാറിനെക്കാളും കായി അന്‍റെ ഡ്രൈവിങ്ങിനു ചെലവായീന്ന്...’ 
ഞാന്‍ പൊട്ടി ചിരിച്ചു പോയി.

‘പക്ഷെ ഒരു കണക്കിന് ഇപ്പളും ഞമ്മള്‍ തന്നേണ് ഡ്രൈവര്‍. മൂപ്പരിക്ക് തീരെ കണ്ണ് പുടിക്കൂലാ.... എങ്ങട്ടു പോവുമ്പോളും ഞാനും കൂടെ പോണം. ലെഫ്ടും റയിട്ടും ബാക്കും സൈഡും ഞമ്മള്‍ നോക്കി പറഞ്ഞു കൊടുക്കണം... ഗീറും സ്ടീരിങ്ങും മൂപ്പരും....’
എനിക്ക് ചിരി
‘എത്ര കാലായി ഇവടെ?’
ഇരുപത്തിമൂന്ന് കൊല്ലായി....
‘ഈ അറബിന്‍റെ ഒപ്പം?’
'വന്നപ്പോ മൊതല് മൂപരോപ്പം'
ഇത്ര കാലം ഒരേ സ്ഥലത്തോ? എനിക്ക് അത്ഭുതം.
‘ആദ്യൊക്കെ ജോലി മാറണം മാറണംന്നു തോന്നെരുന്നു. അതിനെടക്ക് അര്‍ബാബിന്‍റെ ഭാര്യ മരിച്ചു..... അതിപ്പോ പത്തുപതിമൂന്നു കൊല്ലം മുന്‍പ്. ഈ സാധു ഒറ്റക്കയപ്പോ... പിന്നെ ഇനിക്ക് വേറെ എങ്ങോട്ടും പോകാന്‍ തോന്നീല.’
‘ഇന്‍റെ അമ്മ മരിച്ചിട്ട് അച്ഛന്‍ നടന്ന ആ നടപ്പ്....... ഇന്റെ കണ്ണില്‍ ഇപ്പളും ണ്ട്.....’ കുമാരന്‍ പുറത്തേക്കു നോക്കിയിരുന്നു കൊറച്ചു നേരം. പിന്നെ കണ്ണ് തുടച്ചത് ഞാന്‍ കണ്ണാടിയില്‍ കണ്ടു.
.
അറബിന്‍റെ മക്കളൊക്കെ ....?

ഒരാളുണ്ട്... മതം തലക്ക് പിടിച്ചു മദീനയിലെ പള്ളിയിലുണ്ട് .... എപ്പളെങ്കിലും ഒക്കെ വന്നു പോവും.
കുമാരന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു.
‘സരസൊതിയെ... ഇങ്ങനെ വിളിച്ച് ഫോണിനു കായി കളയണ്ട..... അല്ലാന്നു....... ഞങ്ങള് ഇന്ന് വിടും....നാളെ രാവിലെ ആനക്ക് കിട്ടും....’
സാര്‍സോതി.... സാര്‍സോതി......... ഹഹ്ഹ... മൂഖ് മാഫി..... മൂഖ് മാഫി.... അറബി ഒറക്കെ പറഞ്ഞു കൊണ്ടിരുന്നു.
ഭാഗ്യം ഒരു സിഗ്നല്‍ കടന്നു കിട്ടി. കാര്‍ കൊറച്ചു കൂടി മുന്നോട്ടു പോയി.
‘നാട്ടിന്നു ഭാര്യ..... എളേ മോളെ കല്യാണാ അടുത്ത മാസം... അയിന്‍റെ ഓരോ പ്രശ്നങ്ങള്’ കുമാരന്‍ പറഞ്ഞു കൊണ്ടിരുന്നു.
‘ലുലുവില്‍ കല്യാണ സാധനങ്ങള്‍ വാങ്ങാനാ ?’ ഞാന്‍ ചോദിച്ചു.
‘അല്ലല്ല. ലുലൂലെ യു എ ഇ എക്സ്ചേഞ്ചീകൂടി കൊറച്ചു പൈസ അയക്കണം. തട്ടന്മാര്‍ക്ക് കൊറേ കൊടുക്കാന്‍ ഉണ്ടൂന്നു പറഞ്ഞു എന്നും വിളിക്കും. മോക്കുള്ള സ്വര്‍ണം അറബാബിന്‍റെ വക. അയിന്റെ പൈസ അയക്കാനാ’ ‘മൂത്ത രണ്ടു പെണ്മക്കക്കും അര്‍ബാബ് കൊടുത്ത പൊന്നു തന്നെ ഉള്ളു ഇപ്പളും.’
അറബി പോക്കറ്റില്‍ നിന്ന് കുറെ പൈസ എടുത്തു തുപ്പല്‍ തൊട്ടു എണ്ണാന്‍ തുടങ്ങി.
ലുലുവിന്‍റെ മുന്നിലെ പെട്രോള്‍ പംമ്പിലേക്ക് വണ്ടി കയറ്റി നിര്‍ത്തി.
കാറില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് എന്‍റെ കണ്ണിലേക്കു നോക്കി എന്‍റെ വലതുകൈ രണ്ടു കൈക്കുള്ളിലും എടുത്ത് കുറച്ചു നേരം അമര്‍ത്തി പിടിച്ചു അറബി. അയാളുടെ കൈകള്‍ക്കിപ്പോള്‍ ഇളം ചൂട് മാത്രം.
എല്ലാ കൊല്ലവും നാട്ടില്‍ നിന്ന് തിരിച്ചു പോരുന്ന അന്ന് എയര്‍പോര്‍ട്ടിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഉപ്പ ഇത് പോലെ കൈകള്‍ ചേര്‍ത്ത് പിടിക്കും. സ്നേഹത്തിന്‍റെ ചൂടിനു മനസ് തണുപ്പിക്കാന്‍ എന്തൊരു കഴിവാണ് !!!!
ചെറിയ തപ്പലോടെ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി ഒരു കൊച്ചു കുഞ്ഞു നടന്നു പോകും പോലെ ആ വൃദ്ധന്‍ കെട്ടിടത്തിലേക്ക് കയറി.
‘മോനെ പോട്ടെ.... വല്യ ഉപകാരായി.... ഇനി എവുടുന്നെങ്ങിലും കാണാ’ കുമാരേട്ടന്‍
‘ആയിക്കോട്ടെ കുമാരേട്ടാ’... എന്‍റെ ആരോ കാറില്‍ നിന്നിറങ്ങി പോയ പോലെ. കുമാരേട്ടന്‍ എന്ന രാജസ്ഥാനി ജാട്ട് കൊള്ളക്കാരനും കെട്ടിടത്തിലേക്ക് കയറി പോയി.
എനിക്ക് ഉപ്പയെ അപ്പൊ തന്നെ ഫോണ്‍ ചെയ്യണം എന്ന് തോന്നി....
എമിരേറ്റ്സ് റോഡിലെ പതിവായുള്ള ട്രാഫിക്‌ എവിടെ? എന്തോ പിന്നെ റോഡിലൊന്നും ട്രാഫിക്കേ കിട്ടിയില്ല......
കുറച്ചു ദൂരം ഓടിയപ്പോളാണ് ഓര്‍ത്തത്‌ അയ്യോ കുമാരേട്ടന്‍റെ മോള്‍ക്ക്‌ എന്തെങ്കിലും ഒരു ചെറിയ വിവാഹ സമ്മാനം വാങ്ങി കൊടുക്കാമായിരുന്നു. എന്തായാലും നല്ലത് വരട്ടെ ആ കുട്ടിക്ക്.
വീട്ടിന്‍റെ വാതില്‍ തുറന്നത് ജാസ്മിനാണ്
‘എന്താ മനേ ഇന്ന് നേരത്തെയാണല്ലോ, അപ്പൊ പറഞ്ഞാല്‍ കേക്കാനും അറിയാം?’ അവളുടെ കണ്ണില്‍ സന്തോഷത്തിന്‍റെ ചെറിയ ഒരു തിരിനാളം.
ഇവള്‍ കളിയാക്കുകയാണോ? ഞാന്‍ നേരത്തെ എത്തിയോ?


വാച്ചില്‍ നോക്കി... ഏഴ് മണി അമ്പതു മിനിറ്റ്....... ഇതിനു മുമ്പ് ഇത്ര നേരത്തെ ഞാന്‍ എത്തിയിട്ടേ ഇല്ല...

3 comments:

  1. ഞാൻ വായിച്ച പ്രവാസ കഥയിലെ ഒട്ടുമിക്ക കഥയിലെയും വില്ലൻ കഥാപാത്രമാണ് അർബാബ്(കഫീൽ).എന്നാൽ നമ്മുടെ കുമാരന്റെ അർബാബിനെപോലെ ഒത്തിരി അർബാബുമാരെ പ്രവാസജീവിതത്തിൽ കാണാൻ കഴിയും..ഷാജിക്ക കുമാരനെയും അർബാബിനെയും വളരെ മനോഹരമായി അവതരിപ്പിച്ചു..കഥ വായിക്കുമ്പോൾ കഥാപാത്രങ്ങൾ കണ്മുന്നിലുണ്ടായിരുന്നു..അതൊരു എഴുത്ത്കാരന്റെ വിജയമാണ്...ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു.എല്ലാ ഭാവുകങ്ങളും...അടുത്ത എഴുത്തിനായ് കാത്തിരിക്കുന്നു...അഭിനന്ദനങ്ങൾ ഷാജിക്ക

    ReplyDelete
  2. ഒരുയാത്രയിലെ ആകസ്മികതയായ് ചിത്രീകരിച്ച കഥയിൽ എത്രപേരുടെ സന്ഹഭാവമാണ് ആവിഷ്കരിച്ചിരിക്കുന്നത്....


    അപരിജിതനെ സഹായിക്കാനുള്ളധെെവും സ്നേഹത്തിനെറ കരുത്താണ്
    .അർബാബ്ൻെറയും,കുമാരൻെറയും,സനേഹത്തിനപ്പുറം കഥയിൽ നേരിട്ടു പ്രത്യക്ഷ പെടാത്ത നാട്ടിലെ വാപ്പയും , ദിവസവും തന്നെകാത്തിരിക്കുന്ന ജാസ്മിനും
    യാത്രക്കിടയിൽ വിളിക്കുന്ന സുഹ്രുത്തും എല്ലാം സ്നേഹഭാവമാണന്നു പറയാതെ പറയാൻ മനസിലൊരുപാടു സനേഹം കാത്തുസൂക്ഷിക്കുന്ന അനുഗ്രഹീത എഴുത്തുകാരനുമാത്രമേ കഴിയൂ.....


    ReplyDelete
  3. Excellent. You have a good writing skill.

    ReplyDelete