സിലയിലെ വലിയ ഗഫ് മരത്തിനു താഴെ കാര്‍
നിര്‍ത്തുന്നത് വരെ ആ കറുത്ത തുമ്പികള്‍ കാറിനൊപ്പം പറന്നിരുന്നു. ദൂരെയായി
ദിബ്ബയുടെ കടല്‍ത്തീരം കാണാം. മലമുകളിലെ ഈ അറബി ഗ്രാമത്തിലേക്ക് കയറിപ്പോന്ന
വഴിയും താഴ്വാരത്തൂടെ റാസ് അല്‍ ഖൈമയിലേക്കു വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലെ
കത്തിനില്‍ക്കുന്ന വഴിവിളക്കുകളും കാണാം. നേരം ഇരുട്ടി തുടങ്ങി.
ദിബ്ബയില്‍ ഫ്രഞ്ചുകാരന്‍ ഈതോ നടത്തുന്ന
സ്ക്യൂബ ഡൈവിംഗ് സെന്‍റെര്‍ ഉണ്ട്. ഇന്നു മൂന്നാമത്തെ ക്ലാസ്സായിരുന്നു. ആദ്യമായി
ഇന്നു ഞങ്ങളെ കടലിലേക്ക് കൊണ്ടുപോയി. മാസ്കും ഡൈവ്ഗിയറുമിട്ട്
കടലിലേക്കിറങ്ങുമ്പോള്‍ ആദ്യമായി ആഴക്കടലില്‍ മുങ്ങുന്നതിന്‍റെ ഭയമുണ്ടായിരുന്നു.
പവിഴപുറ്റുകള്‍ക്കിടയില്‍ വര്‍ണ്ണമത്സ്യങ്ങള്‍
ഒളിച്ചു നിന്നു. എനിക്ക് മുകളിലൂടെ ഒരു കറുത്ത തിരണ്ടി പതുക്കെ തുഴഞ്ഞു നീങ്ങി. മുകളില്‍
നിന്ന് വെളിച്ചം അരിച്ചിറങ്ങി വന്നുകൊണ്ടിരുന്നു. “കടലിനടിയില്‍
നിങ്ങളുടെ ശരീരമാണ് നിങ്ങളുടെ കാത്” ഈതോ ക്ലാസ്സില്‍
പറഞ്ഞു. ഞാന്‍ അനങ്ങാതെ നിന്ന് കാതോര്‍ത്തു, ഒരിരമ്പം മാത്രം. അജ്ഞാത കാലാന്തരങ്ങളില്‍
നിന്നുള്ള ഇരമ്പം അറബിക്കടല്‍ കടന്ന നാവികരുടെ നിസ്സഹായതയുടെ അലര്‍ച്ച, കച്ചില്‍
നിന്നും ബംബായിയില്‍ നിന്നും ലോഞ്ചില്‍ പുറപ്പെട്ടു തീരം കാണാതെ കടലില്‍ ഒടുങ്ങി
പോയ ആരൊക്കെയോ അവസാനമായി കരയുന്നു. നാട്ടിലെ കൊച്ചു പുഴയും ഈ കടലിനോടു ചേര്‍ന്നുവല്ലോ
അതിലൂടെ പൂര്‍വപിതാക്കള്‍ എന്നോട് എന്തോ പറഞ്ഞു.
കൈയില്‍ വന്നു മുട്ടിയ എന്തോ ഒന്ന് എന്നെ
ഉണര്‍ത്തി ഏതോ കടല്‍ ചെടിയുടെ പൂമൊട്ട് പോലെ എന്തോ ഒന്ന്. ഈതോ പ്രത്യേകം പറഞ്ഞിരുന്നു
കടലില്‍ ഒന്നും ഉപേക്ഷിക്കുകയും കടലില്‍ നിന്ന് ഒന്നും എടുക്കുകയും ചെയരുതെന്ന്‍,
പക്ഷെ ഭംഗിയുള്ള ആ മൊട്ടു പറിച്ചെടുത്തു ഞാന്‍ മുകളിലേക്ക് നീന്തി.
ക്ലാസ്സ്
കഴിഞ്ഞു മടങ്ങുവാന്‍ നില്‍ക്കുമ്പോള്‍ മുക്കുവര്‍ക്ക് വലയും, ചൂണ്ട കൊക്കയും, എണ്ണകന്നാസുകളും
വില്‍ക്കുന്ന കടയിലെ മലയാളി പയ്യന്‍ ഓടി വന്നു
“നിങ്ങള്‍ റാസ് അല്‍ ഖൈമയിലെക്കല്ലേ” കാര്‍ രെജിസ്ട്രേഷന്‍ കണ്ടു മനസിലായതാവാം.
“ഈ വല്യുപ്പ കൊറേ നേരായി സിലയിലേക്ക് ഒരു
വണ്ടി കാത്തിരിക്കുന്നു” നീല കണ്ണുകളുള്ള
നരച്ച വലിയ താടി വച്ച ഒരറബി. കൈയില്‍ ചെറിയ തുണികെട്ടും പിടിച്ചു കാറിന്നടുത്തേക്ക്
വന്നു.
സില ഏത് വഴിയാണെന്ന്
എനിക്കറിയില്ലായിരുന്നു.
‘നിങ്ങളുടെ റോഡില്‍ നിന്ന് കൊറച്ചു
ഉള്ളിലോട്ടു പോകേണ്ടി വരും, വഴി അയാള്‍ പറഞ്ഞു തരും’
വയസ്സന്‍ അറബിയുടെ കണ്ണുകളിലെ ആ ശാന്തത
ഞാന്‍ വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അവിടെ അനന്തമായ നീലക്കടല്‍ ഉറങ്ങി
കിടന്നു. അയാളെ കൂട്ടാതെ എനിക്ക് യാത്ര തുടരുവാന്‍ കഴിയുമായിരുന്നില്ല.
അറബി ഭാഷ അറിയാത്തതില്‍ വിഷമം തോന്നുന്ന
രണ്ടു സമയങ്ങളുണ്ട് ഒന്ന് ജോലിക്കുള്ള ഇന്റര്‍വ്യൂ സമയം മറ്റൊന്ന് ഗ്രാമീണരായ
അറബികളോട് എണ്ണ പൂത്ത കാലത്തിനു മുമ്പുള്ള അറേബ്യയുടെ കഥകള്‍ ചോദിച്ചറിയാന്‍
പറ്റാതാകുമ്പോള്‍. വഴി ചൂണ്ടിക്കാട്ടി തരുമ്പോള്‍ അയാള്‍ കുസൃതിയോടെ
ചിരിച്ചുകൊണ്ടിരുന്നു. അറബി അറിയാത്ത മിസ്കീന്‍ മലബാരിയുടെ അവസ്ഥ ആലോചിച്ചാവും.
കാറില്‍ നിന്നിറങ്ങുവാന്‍ യാത്രക്കാരനെ
സഹായിക്കേണ്ടതായി വന്നു. അയാള്‍ക്ക് വാഹനങ്ങളില്‍ കയറി പരിചയമില്ലെന്നു തോന്നി.
ദിബ്ബയിലെ എല്ലാ മുക്കുവരെയും പോലെ അയാളെയും കടല്‍ പായല്‍ മണക്കുന്നുണ്ടായിരുന്നു.
ചെറിയ ആ ഗ്രാമം മുഴുവന്‍ തൂവെള്ള
വിളക്കുകള്‍ കൊണ്ടലങ്കരിച്ചിരുന്നു. സ്ത്രീകളും കുട്ടികളും വീടുകള്‍ക്ക് മുന്നില്‍
നീല വസ്ത്രങ്ങള്‍ അണിഞ്ഞു ആരെയോ കാത്തിരുന്നു. അവിടെ മണത്ത അത്തര്‍ ഏത് പൂവില്‍
നിന്നു വാറ്റിയതാവും?. അടുത്തുള്ള പള്ളിയില്‍ കല്യാണം പോലെ എന്തോ ആഘോഷം നടക്കുന്നു.
വൃദ്ധനെ കണ്ടപ്പോള്‍ ആളുകള്‍ എണീറ്റ് നിന്നു. കയ്യിലുള്ള പൊതി അഴിച്ചു അയാള്‍ ഒരു പൂമൊട്ടെടുത്തു
മുറിക്ക് നടുവിലെ പാത്രത്തില്‍ വച്ച് മാറി നിന്നു. അതു ഞാന്‍ കടല്‍ച്ചെടികള്‍ക്കിടയില്‍
നിന്ന് പറിച്ചെടുത്ത മൊട്ടുപോലിരുന്നു.
അവിടെ ആരും ഉറക്കെ സംസാരിക്കുന്നതു
കണ്ടില്ല. അവരുടെ പ്രാര്‍ത്ഥനകള്‍ വേറെ ഏതോ ഭാഷ പോലെ തോന്നിച്ചു. പണ്ട് കുടിയേറിയ
ഇറാനികളോ മറ്റോ ആയിരിക്കണം.
കല്യാണപെണ്ണ് വന്ന് ആ പൂമൊട്ട് മെല്ലെ
മെല്ലെ തുറന്നു. നീലയും പച്ചയും കലര്‍ന്ന നിറമുള്ള ചെറിയുടെ വലിപ്പമുള്ള
തിളങ്ങുന്ന ഭാഗം എല്ലാവരെയും ഉയര്‍ത്തിക്കാട്ടി വായിലേക്കിട്ടു. പതിഞ്ഞ ഏതോ ഗീതം അവിടെയാകെ
ഒഴുകി.
വൃദ്ധനും കല്യാണപെണ്ണും ഒരു തളികയില്‍
പലഹാരം കൊണ്ടുവന്നു എനിക്ക് തന്നു. ഇന്നുവരെ ഞാന്‍ കഴിച്ചിട്ടില്ലാത്ത,കണ്ടിട്ടില്ലാത്ത
മധുരമുള്ള ഒരു വിഭവം. അറബികളുടെ പലഹാരക്കടകളില്‍ എവിടെയും ഇത് കണ്ടതായി ഓര്‍ക്കുന്നില്ല.
മടങ്ങി പോരുമ്പോള്‍ അയാളും കല്യാണപെണ്ണും
വന്നു എന്‍റെ മാറത്തു പതുക്കെ കൈവച്ചു എന്തോ പ്രാര്‍ത്ഥിച്ചു മന്വന്തരങ്ങള്‍ക്കപ്പുറത്ത്
എവിടെയോ പൊട്ടിപ്പോയ നേര്‍ത്ത നൂലിഴകള്‍ ഒന്ന് ചേര്‍ന്നു. പള്ളിയില്‍ നിന്ന് എല്ലാവരും
പുറത്തിറങ്ങി നില്ക്കുന്നുണ്ടായിരുന്നു. ഒരു യാത്ര പറച്ചില്‍ പോലെ. മടക്കയാത്രയില്‍
എന്‍റെ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല ആ അറബ് ഗോത്രത്തിന്‍റെ നീല കണ്ണുകള്‍
ഒഴികെ.
പിറ്റേന്ന് ശനിയാഴ്ച്ചയായിരുന്നു ഷാര്‍ജയില്‍
നിന്നും നാസറും സപ്നയും കുട്ടികളും റാസ് അല്‍ ഖൈമയിലെ അല്‍ ജൈസ് മല കാണാന്‍ വന്നു.
അവസരം വന്നു കിട്ടിയപ്പോള്‍ സിലയിലെ ബദുക്കളുടെ ഇടയിലെ എന്‍റെ നിലയും വിലയും ഇവര്‍ക്കൊക്കെ
ഒന്ന് കാട്ടി കൊടുക്കാമെന്നു കരുതി മനപ്പൂര്‍വം ഞാന്‍ യാത്ര സിലയിലേക്കാക്കി
(എന്തായാലും നമ്മളും മലയാളിയല്ലേ മാഷെ).
പകല്‍ വെളിച്ചത്തില്‍ അങ്ങോട്ടുള്ള യാത്ര
കൂടുതല്‍ രസകരമായിരുന്നു. വഴി തെറ്റി പോയോ? ഇതേ കാഴ്ച്ചകള്‍ തന്നെയല്ലേ ഈ
മലമുകളില്‍ നിന്ന് ഇന്നലെ ഞാന്‍ കണ്ടത്. ദിബ്ബയുടെ കടലത്തീരവും, താഴ്വാരത്തിലെ
റോഡും..പക്ഷെ ഇന്നലെ രാത്രി കണ്ട വീടുകളോ പള്ളിയോ അവിടെ കണ്ടില്ല!!. സിലയിലെ ഗാഫു മരം മാത്രം അവിടെ തന്നെ
ഉണ്ടായിരുന്നു. കൂടെ നവംബറിലെ നല്ല തണുത്ത കാറ്റും.
തിരിച്ചിറങ്ങി തവൈനിലെത്തിയപ്പോള്‍ ഡാം
സൈറ്റിലേക്ക് തിരിയുന്നിടത്തെ തോട്ടത്തിലെ തണുപ്പും വാഴയും മാവും കണ്ടു കുട്ടികള്‍
കാര്‍ നിര്‍ത്തിപ്പിച്ചു. തോട്ടക്കാരന്‍ മറ്റൊരു മിസ്കീന്‍ മലബാറി തന്നെ
കൂട്ടായിക്കാരന്‍ അബ്ദു. കുട്ടികളെ കണ്ടപ്പോള്‍ അബ്ദുവിന് വലിയ സന്തോഷമായി. ഞങ്ങള്‍
സിലയില്‍ പോയി മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ അബ്ദു സത്യത്തില്‍ അതിശയിച്ചു പോയി.
“എന്തു ഹലക്കാണ് ഭായ് ങ്ങള് ഓരോ
വഴിക്കന്നും വന്നു കാട്ടി പോണത്. തവൈനിലെ അറബ്യെളും കൂടി പോവാത്ത മലേണത്. റോഡ്
അടച്ചു ഗവര്‍മെന്റ് കെട്ടിയ വേലി കണ്ടില്ലേ ങ്ങള്?”ഞങ്ങള്‍ കണ്ടിരുന്നു
വേലിയുടെ തകര്‍ന്നു കിടന്ന ഭാഗത്തുകൂടിയാണ് ഞാന്‍ മലമുകളിലേക്കുള്ള റോഡിലേക്ക്
കാര്‍ കയറ്റിയത്.
“പല സൈസ് ജിന്ന്കളെ കൊട്ടേണത്” നാസ്സര്‍ എന്നെ നോക്കി ചിരിച്ചു. “ഇസ്ഥലൊക്കെ ഒരു കാലത്ത് കടലല്ലേ, ജിന്നും കൂട്ടരും കൂടി
പാര്‍ത്ത സ്ഥലാവും. പിന്നെ കടല്‍ ഇറങ്ങി പോയപ്പോ നമ്മള് കേറി പാര്‍ക്കാന്‍ തൊടങ്ങീ
അതിന് അവരിപ്പോ എന്താ ചെയ്യാ, ജിന്നിന് മനുസ്സന്‍റെ കോടതീ പോവാന്‍ പറ്റൂലല്ലോ” അബ്ദു ചിരിച്ചു.
സിലയില്‍ ക്രഷര്‍ തൊടങ്ങാന്‍ വന്ന ഒരു
കമ്പനിയില്‍ കൊറേ അപകടങ്ങള്‍ നടക്കുകയും
കൊറേ പേര്‍ക്ക് ജീവന്‍ നഷ്ട്ടപെടുകയും ചെയ്തപ്പോള്‍ ഗവേര്‍മെന്റ് അടച്ചതാണ് സിലയിലേക്കുള്ള
റോഡ്.
“അബ്ദു കണ്ടിട്ടുണ്ടോ ജിന്നിനെ?”
“എവടെ, ചെലപ്പോ വെറുതെ പറയായിരിക്കും,
ന്നാലും മഗ്രിബ് നിസ്കാരം കഴിഞ്ഞാ തവൈനിലാരും പുറത്തിറങ്ങാറില്ല. വല്ല്യ
എടങ്ങേറാണ് ഭായ് ഈ ബേജാറായ ജീവിതം, ന്നാലും” അബ്ദു പകുതിയില്‍
നിറുത്തി “ഇനി പോയാല്‍ ഇങ്ങോട്ടില്ല, നാട്ടില്‍
എന്തെങ്കിലും നോക്കണം”
കുട്ടികള്‍ കാറിനടുത്തേക്ക് നടന്നു
പോകുന്നു.
അബ്ദുവിന്‍റെ കണ്ണില്‍ നനവ് പടര്‍ന്നു. ഒരു
മാത്ര അയാള്‍ കൂട്ടായി കടപ്പുറത്തെ കൊച്ചു വീട്ടിലേക്കു പോയി വന്നോ?
“എവിടുന്നാ ഇക്കാ ഈ ഹലുവാ?” ജാസ്മിന്‍ പിന്നില്‍ നിന്നു ഒരു ഇലപൊതി മുന്നിലേക്ക്
തന്നു. കുട്ടികള്‍ ആരോ ഡൈവിംഗ് കിറ്റ് തുറന്നു നോക്കിയപ്പോള്‍ കിട്ടിയതാണ് നീണ്ട
കടല്‍ പായല്‍ ഇലകളുടെ പൊതിയില്‍ ഇന്നലെ സിലയില്‍ എനിക്കവര്‍ തന്ന മധുരം. എപ്പോളാണ്
എന്‍റെ കിറ്റില്‍ അവരിത് വച്ചത്.
അപ്പോഴാണ് ഞാനോര്‍ത്തത്. എല്ലാ അറകളിലും
നോക്കി ഇല്ല, എനിക്ക് കടലില്‍ നിന്നു കിട്ടിയ പൂമൊട്ട് കാണാനുണ്ടായിരുന്നില്ല.
നാസ്സര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു “ജിന്നിനെ പേടിച്ചു റോഡ് അടച്ച ഗവണ്മെന്റ്”...ഹല്‍വ കഷ്ണം ചവച്ചരച്ചു കൊണ്ടാണ് ചിരി. ഞാന്‍ ചിരിക്കണോ അതോ?
കാറിന്‍റെ ബാക്കിലിരുന്നു സപ്ന ജസ്മിനോടെ
പറയുന്നു “അടുത്ത പ്രാവശ്യം നാട്ടില്‍ പോയാല്‍
എന്തായാലും ഈ ഹല്‍വ വാങ്ങി കൊണ്ടരണം. ഇങ്ങളെ മാപ്ല പീടിയന്‍റെ പേര് പറയണില്ലല്ലോ”
കാര്‍ മലയിറങ്ങി ജങ്ക്ഷനിലെത്തി.
ഇടത്തോട്ടു പോയാല്‍ ദിബ്ബയിലേക്ക് പോകാം വലത്തോട്ട് പോയാല്‍ റാസ് അല്‍ ഖൈമ
യിലേക്കും.
അപ്പോഴും കറുത്ത തുമ്പികള്‍ താഴ്വാരമാകെ
പറന്നു നടക്കുന്നുണ്ടായിരുന്നു
Very touching story! You beautifully portrayed the lost and forgotten village, Sila. While helping the old man to get out of your car, I could literally feel his presence with that added faint smell of seaweed! Next time, when I come to Ras Al-khaimah, please take me to Sila to meet those little Jinns flying as dragon flies. May be they too have a story to tell :)
ReplyDeleteExcellent narration shajikka! Keep going...
ReplyDelete