Monday, December 15, 2014

മഞ്ഞുപാവിട്ട തിരുവസ്ത്രങ്ങള്‍....



മരുഭൂമിയില്‍ മഞ്ഞു കാലം തുടങ്ങി. ചില ദിവസങ്ങളില്‍ വെയില് ചൂടാവുന്നത് വരെ എമിറേറ്റ്സ് റോഡ്‌ കോടമഞ്ഞു പുതച്ചു കിടക്കും. അപ്പോള്‍ കാറിന്‍റെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തിയിട്ട് ഓടിക്കാന്‍ നല്ല രസമാണ്. കുളിരും മഞ്ഞും കാറിനുള്ളില്‍ അങ്ങനെ കയറിയിറങ്ങി പോകട്ടെ..... പക്ഷെ അതിനൊരു പ്രശ്നമുണ്ട്..... ആ മഞ്ഞിന്‍റെ കൂടെ വൃശ്ചിക കാറ്റ് വീശി തണുത്തു തുടങ്ങിയ നാടും അതിരിട്ടൊഴുകുന്ന പൊന്നാനി പുഴയും പകരക്കുന്നും മുണ്ടാപ്പാടവും ഒക്കെ മനസ്സിലേക്ക് കേറിയിങ്ങു വരും..... എത്ര തന്നെ തള്ളി പുറത്താക്കിയാലും....

നാട്ടിലും തണുപ്പ് കാലം തുടങ്ങിയിരിക്കും..... തുമരക്കാവ് അമ്പലത്തിലെ അയ്യപ്പസ്തുതി കേട്ടുണര്‍ന്ന് നാട്ടുവഴികളിലും പാടവരമ്പത്തും പുല്‍ത്തലപ്പുകളിലെ മഞ്ഞുത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ച് പുല്‍ച്ചാടികളോട് മത്സരിച്ച പ്രഭാതസവാരികള്‍ മിക്കപ്പോഴും പുഴക്കടവും കടന്ന് അക്കരെക്ക് നീളും. കടവത്തെത്തുമ്പോഴും നേരം മുഴുവനായും വെളുത്തിട്ടുണ്ടാവില്ല.... ഓളങ്ങളില്ലാതെ ഉറങ്ങിക്കിടക്കുന്ന പുഴയില്‍ നിന്ന്‍ നേര്‍ത്ത പുകമഞ്ഞ് പൊന്തുന്നുണ്ടാവും.....

കടവത്ത്, കടത്തുതോണിയുടെ മുനമ്പത്ത്, പഴയൊരു തോര്‍ത്ത്‌ തലവഴിയിട്ട് കെട്ടി ഒരു മുറി ബീഡിയും ചുണ്ടത്ത് വച്ച് തണുത്തു വിറച്ചിരിക്കുന്നുണ്ടാവും തോണിക്കാരന്‍ മുഹമ്മാക്ക. മൂപ്പരെ വിട്ടുപോകാതെ ചുറ്റും കറങ്ങി നില്‍ക്കുന്ന ബീഡിപ്പുക അയാളെ നെയ്ത്തിരിയും സമ്പ്രാണിയും എരിയുന്ന ഏതോ നടയിലെ ഒരു ദൈവപ്രതിഷ്ഠയാക്കി മാറ്റും.

മണ്ഡലകാലമാണെങ്കില്‍, ഇളംചൂടുള്ള പുഴവെള്ളത്തില്‍ നിന്ന് കയറാന്‍ മടിച്ചു കഴുത്തൊപ്പം വെള്ളത്തില്‍ ശ്രീധരനുണ്ടാവും.

“ഓം ശ്രീധര്‍മ്മശാസ്താരം പ്രണമാമി”  കുളി കഴിഞ്ഞു തണുത്തു കിടുങ്ങി ശ്രീധരനെ കാത്തു കരയില്‍ നില്‍ക്കുന്ന അവന്‍റെ അച്ഛന്‍ പാല്‍ക്കാരന്‍ കുമാരനുമുണ്ടാവും.

“സ്രീതരാ.... മതി കുളിച്ചത്.... കേറിക്കാളിം കുട്ടീ, കൊണക്കട് വെര്ത്തണ്ട” കുമാരന്‍റെ നില്‍പ്പ് കാണുമ്പോ മുഹമ്മാക്ക പറയും

“ഇപ്പൊ കേറാ ഹാജ്യാരാപ്പ്ളെ” ഇതും പറഞ്ഞു ശ്രീധരന്‍ പുഴയുടെ നടുവിലേക്ക് നീന്തും

‘ഹാജ്യാരാപ്പ്ള’ മമ്പറത്തെ തങ്ങളുപ്പാപ്പാന്‍റെ ജാറത്തിലെ നേര്‍ച്ച നേരാംവണ്ണം കൂടാന്‍ പറ്റിയിട്ടില്ല മുഹമ്മാക്കാക്ക്.... പിന്നെയല്ലേ ഹജ്ജ് !! എന്നാലും കുമാരനും ശ്രീധരനും അയാള് ഹാജിയാര്‍ മാപ്പിളയാണ്. അയാള്‍ മാത്രമല്ല വയസിനു മൂത്ത എല്ലാ മുസ്ലിങ്ങളും അവര്‍ക്ക് ഹാജിയാര്‍ മാപ്പിളമാരാണ്. ഞാന്‍ പലപ്പോഴും കുമാരേട്ടനോട് ആ വിളിപ്പേരിന്‍റെ ഉറവിടം തേടിയിട്ടുണ്ട്..... അപ്പോഴോക്കെ ആകെയുള്ള വെറ്റില കറപിടിച്ച ആ മൂന്നു വലിയ പല്ലുകളും കാട്ടി മരമില്ലിലെ അറക്ക യന്ത്രം സ്റ്റാര്‍ട്ട്‌ ആക്കുന്ന പോലെ ഒരു ചിരി ചിരിക്കും.... ഹ്രീ ഹ്രീ ഹ്രീ

“കുട്ടിരെ ഓരോ ചോത്യം... ന്‍റെ അച്ഛ അങ്ങനെര്‍ന്നു വിളിച്ചീന്നത്..... ഞാനും അങ്ങനെ വിളിച്ച് പഠിച്ച്........ ഇപ്പൊ ന്‍റെ സ്രീതരനും”

ആര് എന്ത് വിളിച്ചാലും വിളിച്ചില്ലെങ്കിലും ഒരു ഹജ്ജ് ചെയ്യുക എന്നുള്ളത് തന്നെയായിരുന്നു മുഹമ്മാക്കയുടെയും ബാക്കി നില്‍ക്കുന്ന ഒരേ ഒരു മോഹം... എങ്ങനെ എന്നയാള്‍ക്കറിയില്ല... കപ്പലിലും വിമാനത്തിലും പോകാനുള്ള പാങ്ങില്ല. പിന്നെ എങ്ങനെ? നടന്ന്‍ പോയി വരാന്‍ തനിക്കു ആരോഗ്യമുണ്ടോ? ഇതുവരെ കാണാത്ത നാടുകള്‍ കടന്ന്.....

പൊന്മുണ്ടത്തെ ആരോ നടന്നു ഹജ്ജിന് പോയി വന്നെന്നു കേട്ടിട്ടുണ്ട്... പഴയ കാലത്ത്... മക്ക വരെ നടന്നു പോയി വരിക അതയാള്‍ക്ക്‌ ചിന്തിക്കാന്‍ കൂടി വയ്യ...... ഒരിക്കല്‍ തോണിയില്‍ പൊന്നാനി വരെ പോയതാണ് അയാളുടെ ഏറ്റവും നീണ്ട യാത്ര...

മുഹമ്മാക്കക്ക് ന്യായമായ ഒരു പേടിയുണ്ട് “അല്ലാ കുമാരാ ഇനി ഇപ്പൊ ഇജും അന്‍റെ മോനും ഹാജ്യാരേ ഹാജ്യാരേ ന്ന് വിളിച്ചു മലക്ക്കള് ഞമ്മളെ സാന്‍സ് ഇല്ലാതാക്ക്വോ? “

എല്ലാ മണ്ഡലകാലത്തും കുമാരനും മകനും ശബരിമലക്ക് പോകാന്‍ മാലയിടും. ഞങ്ങളുടെ നാട്ടിലെയും അയല്‍ നാടുകളിലെയും കന്നി അയ്യപ്പന്മാരുടെ ഗുരുസ്വാമിയാണ് കുമാരന്‍. എത്ര പ്രാവശ്യം മല ചവിട്ടിയെന്നു അയാള്‍ക്ക് തന്നെ നിശ്ചയമില്ല. “ശാസ്താവിനെ എല്ലാ കൊല്ലോം കാണാന്‍ പറ്റണത് തന്നെ ബാഗ്യം. അതിനാരെങ്കിലും കണക്കു വയ്ക്ക്വോ?” വീണ്ടും മരമില്ലിലെ യന്ത്രം സ്റ്റാര്‍ട്ട്‌ ആക്കും മൂപ്പര്‍.... ഹ്രീ ഹ്രീ

ഒരേ ഒരു കാര്യത്തില്‍ മാത്രമേ കുമാരന് നിര്‍ബന്ധമുള്ളൂ ശബരിമല നട വരെ നടന്നു തന്നെ പോയി വരണം.

“ഈ തണപ്പൊക്കെ സഹിക്ക, പമ്പേല് മുങ്ങി കേറി നിക്കുമ്പോണ്ടോര് തണുപ്പും വെറയലും.... ഹാവൂ... സഹിക്കൂല” അങ്ങനെ പറയുമ്പോഴും കുമാരന്‍ അതാസ്വദിക്കുന്നു. കുമാരന്‍റെ യാത്രാനുഭവങ്ങള്‍ മുഹമ്മാക്ക ഉത്സാഹത്തോടെ കേള്‍ക്കും. ഒരിക്കല്‍ തനിക്കും ഇത് പോലെ ഹജ്ജിനു പോവേണ്ടതല്ലേ..

മാലയിട്ടാല്‍ പിന്നെ കുമാരന്‍ മകനെ പേരെടുത്തു വിളിക്കാറില്ല വഴക്കും പറയാറില്ല. മാലയിട്ട എല്ലാവരും കുമാരന്‌ അയ്യന്‍ അയ്യപ്പസ്വാമി തന്നെയാണ്.

”സാമിയേയ്.. കേറിക്കാളീ....” കുമാരന്‍ സ്വാമി പറയുമ്പോ മകന്‍ സ്വാമി മുങ്ങാകുഴിയിട്ട് കൊറേ ദൂരെ പോയി പൊങ്ങും.

“നിക്ക് സമോവറു ചൂടാവിണീന് മുമ്പ് ഹോട്ടെലില് പാല് കൊടുക്കണം.... ഞാംമ്പോവാണ്” കുമാരന്‍ പാല്‍പ്പാത്രം തോണിയിലേക്ക് എടുത്തു വച്ചു.
അയാള്‍ മുഹമ്മാക്കാനോട് പറഞ്ഞു. “ഹാജ്യാരാപ്പ്ളെ, ആ എരുമകളെ ചെറെഴിയിലെ പാടത്തു കൊണ്ടോയി കെട്ടാന്‍ പറയണം സാമിനോട്” മുഹമ്മാക്ക മൂളും.
നീണ്ട മുളങ്കഴുക്കോല്‍ കൊണ്ട് മുഹമ്മാക്ക തോണി കുത്തുന്നത് കണ്ടിരിക്കാന്‍ രസമാണ്. തോണിയുടെ പള്ളക്കുരയാതെ കഴുക്കോല്‍ പതുക്കെ വെള്ളത്തില്‍ താഴ്ത്തി... വെള്ളവും വഞ്ചിയും അറിയാതെ അയാള്‍ ഗ്രാമത്തെ അക്കരെ ഇക്കരെ കടത്തി.

പുലര്‍ച്ചെ ചന്തയില്‍ പണിക്കു പോകുന്ന സൈദാക്ക വഞ്ചിയില്‍ വന്നു കയറി.
“ഇപ്പൊ എത്ര ഓട്ടലില്‍ പാല് കൊടുക്ക്ണ്ട് കുമാരാ... പട്ടരു സ്വാമിന്‍റെ ഓട്ടലില്‍ കൊട്ക്ക്ണ്ടോ ?” സൈദാക്കയുടെ ചോദ്യം.... തികച്ചും നിഷ്കളങ്കം എന്ന് തോന്നുന്ന ഒരു ചോദ്യം. പക്ഷെ അതങ്ങിനെയല്ല അത് കൊണ്ടാണല്ലോ കുമാരന്‍ സ്വാമി തിരിഞ്ഞു വെള്ളത്തിലേക്ക്‌ നോക്കി ഇരുന്നത്. മാലയിട്ടാല്‍ പിന്നെ ദേഷ്യം പാടില്ലല്ലോ.....

കഴിഞ്ഞ ഏതോ കൊല്ലത്തിലാണ്..,, കുമാരന്‍റെ ഒരു എരുമ പ്രസവിച്ചിട്ടു അധികം ദിവസമായിട്ടില്ല. ആദ്യത്തെ കറക്കല്‍ കഴിഞ്ഞ് പാല്‍പ്പാത്രവുമായി പുഴക്കരയില്‍ തോണി കാത്തു നിന്നപ്പോ കുമാരനൊരു സംശയം പാലിന് കട്ടി കൊറച്ചു കൂടുതല്‍ ആണോ?.... പുഴവെള്ളം ഒരു കവിളെടുത്തു രുചി നോക്കി.... ഒരു കൊഴപ്പോമില്ല... തോണി അക്കരെയാണ്.... കടവത്തും ആരുമില്ല.... പാല്‍പ്പാത്രത്തിന്‍റെ അടപ്പ് കൊണ്ട് അത്യാവശ്യം പുഴവെള്ളം പാത്രത്തിലേക്കൊഴിച്ചു.

അക്കരെ പുഴക്കരയിലുള്ള പള്ളി സ്രാമ്പിയുടെ അരമതിലില്‍ ചായ കുടിച്ചുക്കൊണ്ടിരുന്ന മുഹമ്മാക്ക ഇതൊക്കെ കാണുന്നുണ്ടായിരുന്നു.

ഇക്കരെ എത്തിയപ്പോ മുഹമ്മാക്ക ചോദിച്ചു “അല്ല കുമാരാ ഇജിപ്പോ എന്തേ ഈ ചെയ്ത്?...”

കുമാരന് എന്താണ് പറയേണ്ടത് എന്നറിയില്ല.... ഇന്ന് വരെ ആരും കുമാരന്‍ പാലില്‍ വെള്ളം കൂട്ടി എന്ന് പറഞ്ഞിട്ടില്ല.. ഇനിയിപ്പോ.. .. അങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തതില്‍ കുമാരന്‌ വലിയ വിഷമം തോന്നി

“ആ എരുമന്‍റെ പാലിന് കട്ടി കൂടുതലാണ്ന്നും.... ദഹിക്കാന്‍ പാടുപെടും..... ഇഞ്ഞി അത് കുടിച്ചിട്ട്..... കുമാരന്‍റെ പാല് കുടിച്ച് വയറ് കേടു വന്നൂന്ന് ആരും പറയരുത്....” മുഹമ്മാക്കക്ക്പക്ഷെ പറഞ്ഞ ന്യായം ഒട്ടും ദഹിച്ചിട്ടില്ലെന്നു കുമാരന് മനസിലായി
അന്ന് മലായിക്കാരന്‍ ഹാജിയാരുടെ സിറ്റി ഹോട്ടലിലും തൃക്കണ്ടിയൂരിലെ പട്ടരുസ്വാമിയുടെ അന്നപൂര്‍ണ ഹോട്ടലിലും പാല് കൊടുത്തു മടങ്ങിയപ്പോ പക്ഷെ കുമാരന്‍ അത്രയും കരുതിയില്ല.

പിറ്റേന്ന് പാല് കൊടുക്കാന്‍ കുമാരനും ശ്രീധരനും കൂടെയാണ് പോയത്.. അന്നപൂര്‍ണയിലെത്തിയപ്പോ കഥ ആകെ മാറി.... ഒരു പട്ടര്‍ക്ക് ഇങ്ങനെയും ഒരാളെ ചീത്ത പറയാന്‍ പറ്റുമെന്ന്‍ കുമാരന്‍ അന്ന് മനസിലാക്കി... ഇനി മലയാളത്തിലും തമിഴിലും ഒരു തെറി വാക്കും പട്ടര്‍ ബാക്കി വച്ചില്ല. കുമാരന്‍റെ പ്രായം ബഹുമാനിച്ചു തല്ലിയില്ലെന്ന് മാത്രം. തിരിച്ച് പോരുമ്പോ പട്ടര്‍ തിരിച്ചു വിളിച്ചു കയ്യില്‍ ഒരു വാഴയില പൊതി കൊടുത്തു.... നല്ല വണ്ണം വെന്തു മൊരിഞ്ഞ ഒരു പരല്‍മീന്‍ !!

ഇന്നലെ അയ്യരു വക്കീലിന് ചായ കൂട്ടുമ്പോളാണ് പട്ടരുസ്വാമി അത് കണ്ടത്....... തിളച്ച പാലില്‍ വെന്ത ഒരു പരല്‍ മീന്‍... ദൈവമേ ഇതെങ്ങിനെ പാലില്‍.... തനിക്കല്ലാതെ ആര്ക്കെങ്കിലുമാണ് ഈ മീന്‍ കിട്ടിയിരുന്നെങ്കില്‍ തന്‍റെ അന്നപൂര്‍ണയുടെ ഗതി!! അയാള്‍ക്കോര്‍ക്കാന്‍ കൂടി വയ്യ.

ഇനി തൃക്കണ്ടിയൂര്‍ അമ്പലത്തില്‍ പോകാന്‍ പോലും ആ വഴിക്ക് കണ്ടു പോകരുതെന്നാണ് അച്ഛനോടും മകനോടും ഉള്ള പട്ടരുടെ കല്‍പ്പന..

കയ്യിലെ പൊതിയിലേക്ക് നോക്കി ശ്രീധരന്‍ കുമാരനോടു ചോദിച്ചു... “അച്ചേ... ആ സിറ്റീലെ ഹാജിയാരുടെ ഹോട്ടലില്‍ ആയിരുന്നെങ്കി പ്പോ മീനിന്‍റെ ഒരണ മ്മക്ക് കൂടുതല്‍ കിട്ടീര്‍ന്ന് ലേ?” കുമാരന്‍ ദയനീയമായി മകനെ നോക്കി.

സംഭവം എങ്ങനെയോ ആരോ പറഞ്ഞു നാട്ടില്‍ പാട്ടായപ്പോ കുമാരന്‍ സ്വാഭാവികമായും മുഹമ്മാക്കയെ തെറ്റിദ്ധരിച്ചു.... അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു. ഇപ്പൊ കുമാരന്‍ കടവ് വഴി വരാറേ ഇല്ല.

നാലഞ്ചു കിലോമീറ്റര്‍ ഏറെ നടക്കണമെങ്കിലും തുമരക്കാവ് വഴി റെയില്‍വേപ്പാലം കടന്നാണയാള്‍ തിരൂരിലേക്ക് പാലുമായി പോവുന്നത്.

അതിനടുത്ത മണ്ഡലകാലത്ത് പുലര്‍ച്ചെയുള്ള കുളി ആശാരിക്കടവിലേക്ക് മാറ്റി അച്ഛനും മകനും..... ആശാരിക്കടവില്‍ നിറയെ കല്ലും ചരലുമാണ് എന്നാലും വേണ്ടില്ല.

മുഹമ്മാക്ക തന്‍റെ സങ്കടം ഉള്ളില്‍ കൊണ്ട് നടന്നു..... താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലല്ലോ..... എന്നിട്ടും...
തോണിക്കടവത്ത് അയാള്‍ എന്നും കുമാരനെയും മകനെയും പ്രതീക്ഷിക്കും.

മലക്ക് പോകേണ്ട ദിവസം അടുത്തപ്പോ കുമാരന്‌ ആകെയൊരു വിമ്മിഷ്ട്ടം ...ഇതുപോലൊരു ഇഷ്ട്ടക്കേടും വെറുപ്പും മനസ്സില്‍‍ വച്ച് ഇത് വരെ മല ചവിട്ടേണ്ടി വന്നിട്ടില്ല....... ഇപ്രാവശ്യത്തെ മലകയറ്റം ശരിയാവില്ല എന്ന തോന്നല്‍ ശക്തമായപ്പോള്‍ അയാള്‍ക്ക്‌ ഉറക്കം പോലും നഷ്ട്ടപെട്ടു.
പുറപ്പെടേണ്ട ദിവസം പുലര്‍ച്ചെ നല്ല മഞ്ഞുണ്ടായിരുന്നു.... ശരണം വിളികളുമായി കുമാരനും കന്നി അയ്യപ്പന്മാരുടെ സംഘവും പുറപ്പെട്ടു... പാടവരമ്പത്ത് കൂടി സംഘം കടവ് ലക്ഷ്യമാക്കി നടന്നു..

തോണിയില്‍ വന്നു കയറിയെങ്കിലും കുമാരേട്ടനും മുഹമ്മാക്കയും തമ്മില്‍ തമ്മില്‍ നോക്കിയില്ല. രണ്ടു പേര്‍ക്കും മിണ്ടണമെന്നുണ്ടായിരുന്നു പക്ഷെ....

അന്നും സൈദാക്കയുണ്ടായിരുന്നു തോണിയില്‍..... പുഴയുടെ നടുവില്‍ എത്തിയപ്പോള്‍ ആ നിഷ്കളങ്കന്‍റെ ചോദ്യം “അല്ലെടോ കുമാരാ.. ഇജി ന്നട്ട് ആ പൊരിച്ച മീന്‍ ന്തേ ചെയ്ത്?”
ശരണം വിളികള്‍ നിന്നു.... കഥ അറിയുന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു.... അടുത്ത നിമിഷത്തില്‍ എന്താവും? കുമാരേട്ടനും മുഹമ്മാക്കയും തമ്മില്‍ തമ്മില്‍ കുറച്ചു നേരം നോക്കി നിന്നു...... എല്ലാ വെറുപ്പും പുക മഞ്ഞിനൊപ്പം അലിഞ്ഞില്ലാതെയായി..... പിന്നെ രണ്ടു പേരും പൊട്ടി പൊട്ടി ചിരിച്ചു..... തോണിയിലെ എല്ലാവരും ചിരിക്കുന്നു... ആര്‍ക്കും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല...

അക്കരെ കടവില്‍ ഇറങ്ങിയ അയ്യപ്പന്മാര്‍ ഇരുമുടികളെടുത്ത് തലയില്‍ വച്ച് നടന്നകലുന്നു...

“ഹാജ്യാരാപ്പ്ളെ..... ഇങ്ങക്കും മേണ്ടി വാവരെ പള്ളീല്‍ ഞാന്‍ ഭാസ്മോം മൊളകും കൊട്ക്ക്ണണ്ട്.... ഇത്താക്ക് നടക്കല് ഇങ്ങളെ സങ്കടം കടുപ്പത്തില് ഒന്ന് പറയിണ്ട് ഞാന്.. വെഷമിക്കല്ലിം.... ഹജ്ജിനൊര് മാര്‍ഗം ണ്ടാവുംന്ന്... "

"ന്നാ പിന്നെ......    വന്നിട്ട് കാണാ” ആഗ്രഹ നിരാസത്തിന്‍റെ കറുത്ത വസ്ത്രവുമണിഞ്ഞു തലയില്‍ ഇരുമുടിയുമായി കുമാരേട്ടന്‍ നടന്നകന്നു...

സ്വാമിയേയ്...... ശരണമയ്യപ്പാ.............  ദൂരെ ശരണം വിളികള്‍ അവ്യക്തമായി തുടങ്ങി...

തോണി ഉന്തിയിറക്കി അക്കരേയ്ക്ക് കുത്താന്‍ തുടങ്ങി മുഹമ്മാക്ക...

മീഖാത്തിലെ തണുത്ത വെള്ളത്തില്‍ കുളിച്ച്..... ഇഹ്റാമിന്‍റെ വെളുത്ത ഒറ്റ വസ്ത്രം ധരിച്ചു.... മക്കത്തെ സുകൃതം ദര്‍ശിക്കാന്‍ എന്‍റെ ഊഴം എന്നാണ് റബ്ബേ......

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്..... ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ......

No comments:

Post a Comment