Monday, December 15, 2014

മഞ്ഞുപാവിട്ട തിരുവസ്ത്രങ്ങള്‍....



മരുഭൂമിയില്‍ മഞ്ഞു കാലം തുടങ്ങി. ചില ദിവസങ്ങളില്‍ വെയില് ചൂടാവുന്നത് വരെ എമിറേറ്റ്സ് റോഡ്‌ കോടമഞ്ഞു പുതച്ചു കിടക്കും. അപ്പോള്‍ കാറിന്‍റെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തിയിട്ട് ഓടിക്കാന്‍ നല്ല രസമാണ്. കുളിരും മഞ്ഞും കാറിനുള്ളില്‍ അങ്ങനെ കയറിയിറങ്ങി പോകട്ടെ..... പക്ഷെ അതിനൊരു പ്രശ്നമുണ്ട്..... ആ മഞ്ഞിന്‍റെ കൂടെ വൃശ്ചിക കാറ്റ് വീശി തണുത്തു തുടങ്ങിയ നാടും അതിരിട്ടൊഴുകുന്ന പൊന്നാനി പുഴയും പകരക്കുന്നും മുണ്ടാപ്പാടവും ഒക്കെ മനസ്സിലേക്ക് കേറിയിങ്ങു വരും..... എത്ര തന്നെ തള്ളി പുറത്താക്കിയാലും....

നാട്ടിലും തണുപ്പ് കാലം തുടങ്ങിയിരിക്കും..... തുമരക്കാവ് അമ്പലത്തിലെ അയ്യപ്പസ്തുതി കേട്ടുണര്‍ന്ന് നാട്ടുവഴികളിലും പാടവരമ്പത്തും പുല്‍ത്തലപ്പുകളിലെ മഞ്ഞുത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ച് പുല്‍ച്ചാടികളോട് മത്സരിച്ച പ്രഭാതസവാരികള്‍ മിക്കപ്പോഴും പുഴക്കടവും കടന്ന് അക്കരെക്ക് നീളും. കടവത്തെത്തുമ്പോഴും നേരം മുഴുവനായും വെളുത്തിട്ടുണ്ടാവില്ല.... ഓളങ്ങളില്ലാതെ ഉറങ്ങിക്കിടക്കുന്ന പുഴയില്‍ നിന്ന്‍ നേര്‍ത്ത പുകമഞ്ഞ് പൊന്തുന്നുണ്ടാവും.....

കടവത്ത്, കടത്തുതോണിയുടെ മുനമ്പത്ത്, പഴയൊരു തോര്‍ത്ത്‌ തലവഴിയിട്ട് കെട്ടി ഒരു മുറി ബീഡിയും ചുണ്ടത്ത് വച്ച് തണുത്തു വിറച്ചിരിക്കുന്നുണ്ടാവും തോണിക്കാരന്‍ മുഹമ്മാക്ക. മൂപ്പരെ വിട്ടുപോകാതെ ചുറ്റും കറങ്ങി നില്‍ക്കുന്ന ബീഡിപ്പുക അയാളെ നെയ്ത്തിരിയും സമ്പ്രാണിയും എരിയുന്ന ഏതോ നടയിലെ ഒരു ദൈവപ്രതിഷ്ഠയാക്കി മാറ്റും.

മണ്ഡലകാലമാണെങ്കില്‍, ഇളംചൂടുള്ള പുഴവെള്ളത്തില്‍ നിന്ന് കയറാന്‍ മടിച്ചു കഴുത്തൊപ്പം വെള്ളത്തില്‍ ശ്രീധരനുണ്ടാവും.

“ഓം ശ്രീധര്‍മ്മശാസ്താരം പ്രണമാമി”  കുളി കഴിഞ്ഞു തണുത്തു കിടുങ്ങി ശ്രീധരനെ കാത്തു കരയില്‍ നില്‍ക്കുന്ന അവന്‍റെ അച്ഛന്‍ പാല്‍ക്കാരന്‍ കുമാരനുമുണ്ടാവും.

“സ്രീതരാ.... മതി കുളിച്ചത്.... കേറിക്കാളിം കുട്ടീ, കൊണക്കട് വെര്ത്തണ്ട” കുമാരന്‍റെ നില്‍പ്പ് കാണുമ്പോ മുഹമ്മാക്ക പറയും

“ഇപ്പൊ കേറാ ഹാജ്യാരാപ്പ്ളെ” ഇതും പറഞ്ഞു ശ്രീധരന്‍ പുഴയുടെ നടുവിലേക്ക് നീന്തും

‘ഹാജ്യാരാപ്പ്ള’ മമ്പറത്തെ തങ്ങളുപ്പാപ്പാന്‍റെ ജാറത്തിലെ നേര്‍ച്ച നേരാംവണ്ണം കൂടാന്‍ പറ്റിയിട്ടില്ല മുഹമ്മാക്കാക്ക്.... പിന്നെയല്ലേ ഹജ്ജ് !! എന്നാലും കുമാരനും ശ്രീധരനും അയാള് ഹാജിയാര്‍ മാപ്പിളയാണ്. അയാള്‍ മാത്രമല്ല വയസിനു മൂത്ത എല്ലാ മുസ്ലിങ്ങളും അവര്‍ക്ക് ഹാജിയാര്‍ മാപ്പിളമാരാണ്. ഞാന്‍ പലപ്പോഴും കുമാരേട്ടനോട് ആ വിളിപ്പേരിന്‍റെ ഉറവിടം തേടിയിട്ടുണ്ട്..... അപ്പോഴോക്കെ ആകെയുള്ള വെറ്റില കറപിടിച്ച ആ മൂന്നു വലിയ പല്ലുകളും കാട്ടി മരമില്ലിലെ അറക്ക യന്ത്രം സ്റ്റാര്‍ട്ട്‌ ആക്കുന്ന പോലെ ഒരു ചിരി ചിരിക്കും.... ഹ്രീ ഹ്രീ ഹ്രീ

“കുട്ടിരെ ഓരോ ചോത്യം... ന്‍റെ അച്ഛ അങ്ങനെര്‍ന്നു വിളിച്ചീന്നത്..... ഞാനും അങ്ങനെ വിളിച്ച് പഠിച്ച്........ ഇപ്പൊ ന്‍റെ സ്രീതരനും”

ആര് എന്ത് വിളിച്ചാലും വിളിച്ചില്ലെങ്കിലും ഒരു ഹജ്ജ് ചെയ്യുക എന്നുള്ളത് തന്നെയായിരുന്നു മുഹമ്മാക്കയുടെയും ബാക്കി നില്‍ക്കുന്ന ഒരേ ഒരു മോഹം... എങ്ങനെ എന്നയാള്‍ക്കറിയില്ല... കപ്പലിലും വിമാനത്തിലും പോകാനുള്ള പാങ്ങില്ല. പിന്നെ എങ്ങനെ? നടന്ന്‍ പോയി വരാന്‍ തനിക്കു ആരോഗ്യമുണ്ടോ? ഇതുവരെ കാണാത്ത നാടുകള്‍ കടന്ന്.....

പൊന്മുണ്ടത്തെ ആരോ നടന്നു ഹജ്ജിന് പോയി വന്നെന്നു കേട്ടിട്ടുണ്ട്... പഴയ കാലത്ത്... മക്ക വരെ നടന്നു പോയി വരിക അതയാള്‍ക്ക്‌ ചിന്തിക്കാന്‍ കൂടി വയ്യ...... ഒരിക്കല്‍ തോണിയില്‍ പൊന്നാനി വരെ പോയതാണ് അയാളുടെ ഏറ്റവും നീണ്ട യാത്ര...

മുഹമ്മാക്കക്ക് ന്യായമായ ഒരു പേടിയുണ്ട് “അല്ലാ കുമാരാ ഇനി ഇപ്പൊ ഇജും അന്‍റെ മോനും ഹാജ്യാരേ ഹാജ്യാരേ ന്ന് വിളിച്ചു മലക്ക്കള് ഞമ്മളെ സാന്‍സ് ഇല്ലാതാക്ക്വോ? “

എല്ലാ മണ്ഡലകാലത്തും കുമാരനും മകനും ശബരിമലക്ക് പോകാന്‍ മാലയിടും. ഞങ്ങളുടെ നാട്ടിലെയും അയല്‍ നാടുകളിലെയും കന്നി അയ്യപ്പന്മാരുടെ ഗുരുസ്വാമിയാണ് കുമാരന്‍. എത്ര പ്രാവശ്യം മല ചവിട്ടിയെന്നു അയാള്‍ക്ക് തന്നെ നിശ്ചയമില്ല. “ശാസ്താവിനെ എല്ലാ കൊല്ലോം കാണാന്‍ പറ്റണത് തന്നെ ബാഗ്യം. അതിനാരെങ്കിലും കണക്കു വയ്ക്ക്വോ?” വീണ്ടും മരമില്ലിലെ യന്ത്രം സ്റ്റാര്‍ട്ട്‌ ആക്കും മൂപ്പര്‍.... ഹ്രീ ഹ്രീ

ഒരേ ഒരു കാര്യത്തില്‍ മാത്രമേ കുമാരന് നിര്‍ബന്ധമുള്ളൂ ശബരിമല നട വരെ നടന്നു തന്നെ പോയി വരണം.

“ഈ തണപ്പൊക്കെ സഹിക്ക, പമ്പേല് മുങ്ങി കേറി നിക്കുമ്പോണ്ടോര് തണുപ്പും വെറയലും.... ഹാവൂ... സഹിക്കൂല” അങ്ങനെ പറയുമ്പോഴും കുമാരന്‍ അതാസ്വദിക്കുന്നു. കുമാരന്‍റെ യാത്രാനുഭവങ്ങള്‍ മുഹമ്മാക്ക ഉത്സാഹത്തോടെ കേള്‍ക്കും. ഒരിക്കല്‍ തനിക്കും ഇത് പോലെ ഹജ്ജിനു പോവേണ്ടതല്ലേ..

മാലയിട്ടാല്‍ പിന്നെ കുമാരന്‍ മകനെ പേരെടുത്തു വിളിക്കാറില്ല വഴക്കും പറയാറില്ല. മാലയിട്ട എല്ലാവരും കുമാരന്‌ അയ്യന്‍ അയ്യപ്പസ്വാമി തന്നെയാണ്.

”സാമിയേയ്.. കേറിക്കാളീ....” കുമാരന്‍ സ്വാമി പറയുമ്പോ മകന്‍ സ്വാമി മുങ്ങാകുഴിയിട്ട് കൊറേ ദൂരെ പോയി പൊങ്ങും.

“നിക്ക് സമോവറു ചൂടാവിണീന് മുമ്പ് ഹോട്ടെലില് പാല് കൊടുക്കണം.... ഞാംമ്പോവാണ്” കുമാരന്‍ പാല്‍പ്പാത്രം തോണിയിലേക്ക് എടുത്തു വച്ചു.
അയാള്‍ മുഹമ്മാക്കാനോട് പറഞ്ഞു. “ഹാജ്യാരാപ്പ്ളെ, ആ എരുമകളെ ചെറെഴിയിലെ പാടത്തു കൊണ്ടോയി കെട്ടാന്‍ പറയണം സാമിനോട്” മുഹമ്മാക്ക മൂളും.
നീണ്ട മുളങ്കഴുക്കോല്‍ കൊണ്ട് മുഹമ്മാക്ക തോണി കുത്തുന്നത് കണ്ടിരിക്കാന്‍ രസമാണ്. തോണിയുടെ പള്ളക്കുരയാതെ കഴുക്കോല്‍ പതുക്കെ വെള്ളത്തില്‍ താഴ്ത്തി... വെള്ളവും വഞ്ചിയും അറിയാതെ അയാള്‍ ഗ്രാമത്തെ അക്കരെ ഇക്കരെ കടത്തി.

പുലര്‍ച്ചെ ചന്തയില്‍ പണിക്കു പോകുന്ന സൈദാക്ക വഞ്ചിയില്‍ വന്നു കയറി.
“ഇപ്പൊ എത്ര ഓട്ടലില്‍ പാല് കൊടുക്ക്ണ്ട് കുമാരാ... പട്ടരു സ്വാമിന്‍റെ ഓട്ടലില്‍ കൊട്ക്ക്ണ്ടോ ?” സൈദാക്കയുടെ ചോദ്യം.... തികച്ചും നിഷ്കളങ്കം എന്ന് തോന്നുന്ന ഒരു ചോദ്യം. പക്ഷെ അതങ്ങിനെയല്ല അത് കൊണ്ടാണല്ലോ കുമാരന്‍ സ്വാമി തിരിഞ്ഞു വെള്ളത്തിലേക്ക്‌ നോക്കി ഇരുന്നത്. മാലയിട്ടാല്‍ പിന്നെ ദേഷ്യം പാടില്ലല്ലോ.....

കഴിഞ്ഞ ഏതോ കൊല്ലത്തിലാണ്..,, കുമാരന്‍റെ ഒരു എരുമ പ്രസവിച്ചിട്ടു അധികം ദിവസമായിട്ടില്ല. ആദ്യത്തെ കറക്കല്‍ കഴിഞ്ഞ് പാല്‍പ്പാത്രവുമായി പുഴക്കരയില്‍ തോണി കാത്തു നിന്നപ്പോ കുമാരനൊരു സംശയം പാലിന് കട്ടി കൊറച്ചു കൂടുതല്‍ ആണോ?.... പുഴവെള്ളം ഒരു കവിളെടുത്തു രുചി നോക്കി.... ഒരു കൊഴപ്പോമില്ല... തോണി അക്കരെയാണ്.... കടവത്തും ആരുമില്ല.... പാല്‍പ്പാത്രത്തിന്‍റെ അടപ്പ് കൊണ്ട് അത്യാവശ്യം പുഴവെള്ളം പാത്രത്തിലേക്കൊഴിച്ചു.

അക്കരെ പുഴക്കരയിലുള്ള പള്ളി സ്രാമ്പിയുടെ അരമതിലില്‍ ചായ കുടിച്ചുക്കൊണ്ടിരുന്ന മുഹമ്മാക്ക ഇതൊക്കെ കാണുന്നുണ്ടായിരുന്നു.

ഇക്കരെ എത്തിയപ്പോ മുഹമ്മാക്ക ചോദിച്ചു “അല്ല കുമാരാ ഇജിപ്പോ എന്തേ ഈ ചെയ്ത്?...”

കുമാരന് എന്താണ് പറയേണ്ടത് എന്നറിയില്ല.... ഇന്ന് വരെ ആരും കുമാരന്‍ പാലില്‍ വെള്ളം കൂട്ടി എന്ന് പറഞ്ഞിട്ടില്ല.. ഇനിയിപ്പോ.. .. അങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തതില്‍ കുമാരന്‌ വലിയ വിഷമം തോന്നി

“ആ എരുമന്‍റെ പാലിന് കട്ടി കൂടുതലാണ്ന്നും.... ദഹിക്കാന്‍ പാടുപെടും..... ഇഞ്ഞി അത് കുടിച്ചിട്ട്..... കുമാരന്‍റെ പാല് കുടിച്ച് വയറ് കേടു വന്നൂന്ന് ആരും പറയരുത്....” മുഹമ്മാക്കക്ക്പക്ഷെ പറഞ്ഞ ന്യായം ഒട്ടും ദഹിച്ചിട്ടില്ലെന്നു കുമാരന് മനസിലായി
അന്ന് മലായിക്കാരന്‍ ഹാജിയാരുടെ സിറ്റി ഹോട്ടലിലും തൃക്കണ്ടിയൂരിലെ പട്ടരുസ്വാമിയുടെ അന്നപൂര്‍ണ ഹോട്ടലിലും പാല് കൊടുത്തു മടങ്ങിയപ്പോ പക്ഷെ കുമാരന്‍ അത്രയും കരുതിയില്ല.

പിറ്റേന്ന് പാല് കൊടുക്കാന്‍ കുമാരനും ശ്രീധരനും കൂടെയാണ് പോയത്.. അന്നപൂര്‍ണയിലെത്തിയപ്പോ കഥ ആകെ മാറി.... ഒരു പട്ടര്‍ക്ക് ഇങ്ങനെയും ഒരാളെ ചീത്ത പറയാന്‍ പറ്റുമെന്ന്‍ കുമാരന്‍ അന്ന് മനസിലാക്കി... ഇനി മലയാളത്തിലും തമിഴിലും ഒരു തെറി വാക്കും പട്ടര്‍ ബാക്കി വച്ചില്ല. കുമാരന്‍റെ പ്രായം ബഹുമാനിച്ചു തല്ലിയില്ലെന്ന് മാത്രം. തിരിച്ച് പോരുമ്പോ പട്ടര്‍ തിരിച്ചു വിളിച്ചു കയ്യില്‍ ഒരു വാഴയില പൊതി കൊടുത്തു.... നല്ല വണ്ണം വെന്തു മൊരിഞ്ഞ ഒരു പരല്‍മീന്‍ !!

ഇന്നലെ അയ്യരു വക്കീലിന് ചായ കൂട്ടുമ്പോളാണ് പട്ടരുസ്വാമി അത് കണ്ടത്....... തിളച്ച പാലില്‍ വെന്ത ഒരു പരല്‍ മീന്‍... ദൈവമേ ഇതെങ്ങിനെ പാലില്‍.... തനിക്കല്ലാതെ ആര്ക്കെങ്കിലുമാണ് ഈ മീന്‍ കിട്ടിയിരുന്നെങ്കില്‍ തന്‍റെ അന്നപൂര്‍ണയുടെ ഗതി!! അയാള്‍ക്കോര്‍ക്കാന്‍ കൂടി വയ്യ.

ഇനി തൃക്കണ്ടിയൂര്‍ അമ്പലത്തില്‍ പോകാന്‍ പോലും ആ വഴിക്ക് കണ്ടു പോകരുതെന്നാണ് അച്ഛനോടും മകനോടും ഉള്ള പട്ടരുടെ കല്‍പ്പന..

കയ്യിലെ പൊതിയിലേക്ക് നോക്കി ശ്രീധരന്‍ കുമാരനോടു ചോദിച്ചു... “അച്ചേ... ആ സിറ്റീലെ ഹാജിയാരുടെ ഹോട്ടലില്‍ ആയിരുന്നെങ്കി പ്പോ മീനിന്‍റെ ഒരണ മ്മക്ക് കൂടുതല്‍ കിട്ടീര്‍ന്ന് ലേ?” കുമാരന്‍ ദയനീയമായി മകനെ നോക്കി.

സംഭവം എങ്ങനെയോ ആരോ പറഞ്ഞു നാട്ടില്‍ പാട്ടായപ്പോ കുമാരന്‍ സ്വാഭാവികമായും മുഹമ്മാക്കയെ തെറ്റിദ്ധരിച്ചു.... അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു. ഇപ്പൊ കുമാരന്‍ കടവ് വഴി വരാറേ ഇല്ല.

നാലഞ്ചു കിലോമീറ്റര്‍ ഏറെ നടക്കണമെങ്കിലും തുമരക്കാവ് വഴി റെയില്‍വേപ്പാലം കടന്നാണയാള്‍ തിരൂരിലേക്ക് പാലുമായി പോവുന്നത്.

അതിനടുത്ത മണ്ഡലകാലത്ത് പുലര്‍ച്ചെയുള്ള കുളി ആശാരിക്കടവിലേക്ക് മാറ്റി അച്ഛനും മകനും..... ആശാരിക്കടവില്‍ നിറയെ കല്ലും ചരലുമാണ് എന്നാലും വേണ്ടില്ല.

മുഹമ്മാക്ക തന്‍റെ സങ്കടം ഉള്ളില്‍ കൊണ്ട് നടന്നു..... താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലല്ലോ..... എന്നിട്ടും...
തോണിക്കടവത്ത് അയാള്‍ എന്നും കുമാരനെയും മകനെയും പ്രതീക്ഷിക്കും.

മലക്ക് പോകേണ്ട ദിവസം അടുത്തപ്പോ കുമാരന്‌ ആകെയൊരു വിമ്മിഷ്ട്ടം ...ഇതുപോലൊരു ഇഷ്ട്ടക്കേടും വെറുപ്പും മനസ്സില്‍‍ വച്ച് ഇത് വരെ മല ചവിട്ടേണ്ടി വന്നിട്ടില്ല....... ഇപ്രാവശ്യത്തെ മലകയറ്റം ശരിയാവില്ല എന്ന തോന്നല്‍ ശക്തമായപ്പോള്‍ അയാള്‍ക്ക്‌ ഉറക്കം പോലും നഷ്ട്ടപെട്ടു.
പുറപ്പെടേണ്ട ദിവസം പുലര്‍ച്ചെ നല്ല മഞ്ഞുണ്ടായിരുന്നു.... ശരണം വിളികളുമായി കുമാരനും കന്നി അയ്യപ്പന്മാരുടെ സംഘവും പുറപ്പെട്ടു... പാടവരമ്പത്ത് കൂടി സംഘം കടവ് ലക്ഷ്യമാക്കി നടന്നു..

തോണിയില്‍ വന്നു കയറിയെങ്കിലും കുമാരേട്ടനും മുഹമ്മാക്കയും തമ്മില്‍ തമ്മില്‍ നോക്കിയില്ല. രണ്ടു പേര്‍ക്കും മിണ്ടണമെന്നുണ്ടായിരുന്നു പക്ഷെ....

അന്നും സൈദാക്കയുണ്ടായിരുന്നു തോണിയില്‍..... പുഴയുടെ നടുവില്‍ എത്തിയപ്പോള്‍ ആ നിഷ്കളങ്കന്‍റെ ചോദ്യം “അല്ലെടോ കുമാരാ.. ഇജി ന്നട്ട് ആ പൊരിച്ച മീന്‍ ന്തേ ചെയ്ത്?”
ശരണം വിളികള്‍ നിന്നു.... കഥ അറിയുന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു.... അടുത്ത നിമിഷത്തില്‍ എന്താവും? കുമാരേട്ടനും മുഹമ്മാക്കയും തമ്മില്‍ തമ്മില്‍ കുറച്ചു നേരം നോക്കി നിന്നു...... എല്ലാ വെറുപ്പും പുക മഞ്ഞിനൊപ്പം അലിഞ്ഞില്ലാതെയായി..... പിന്നെ രണ്ടു പേരും പൊട്ടി പൊട്ടി ചിരിച്ചു..... തോണിയിലെ എല്ലാവരും ചിരിക്കുന്നു... ആര്‍ക്കും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല...

അക്കരെ കടവില്‍ ഇറങ്ങിയ അയ്യപ്പന്മാര്‍ ഇരുമുടികളെടുത്ത് തലയില്‍ വച്ച് നടന്നകലുന്നു...

“ഹാജ്യാരാപ്പ്ളെ..... ഇങ്ങക്കും മേണ്ടി വാവരെ പള്ളീല്‍ ഞാന്‍ ഭാസ്മോം മൊളകും കൊട്ക്ക്ണണ്ട്.... ഇത്താക്ക് നടക്കല് ഇങ്ങളെ സങ്കടം കടുപ്പത്തില് ഒന്ന് പറയിണ്ട് ഞാന്.. വെഷമിക്കല്ലിം.... ഹജ്ജിനൊര് മാര്‍ഗം ണ്ടാവുംന്ന്... "

"ന്നാ പിന്നെ......    വന്നിട്ട് കാണാ” ആഗ്രഹ നിരാസത്തിന്‍റെ കറുത്ത വസ്ത്രവുമണിഞ്ഞു തലയില്‍ ഇരുമുടിയുമായി കുമാരേട്ടന്‍ നടന്നകന്നു...

സ്വാമിയേയ്...... ശരണമയ്യപ്പാ.............  ദൂരെ ശരണം വിളികള്‍ അവ്യക്തമായി തുടങ്ങി...

തോണി ഉന്തിയിറക്കി അക്കരേയ്ക്ക് കുത്താന്‍ തുടങ്ങി മുഹമ്മാക്ക...

മീഖാത്തിലെ തണുത്ത വെള്ളത്തില്‍ കുളിച്ച്..... ഇഹ്റാമിന്‍റെ വെളുത്ത ഒറ്റ വസ്ത്രം ധരിച്ചു.... മക്കത്തെ സുകൃതം ദര്‍ശിക്കാന്‍ എന്‍റെ ഊഴം എന്നാണ് റബ്ബേ......

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്..... ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ......

Tuesday, November 4, 2014

ചില കടങ്ങള്‍ അങ്ങിനെയാണ്

ഏറനാട്ടിലെ കാറ്റിനു എണ്ണമില്ലാത്ത കാട്ടുപ്പൂക്കളുടെയും പേരറിയാ മരങ്ങളുടെയും കനപ്പും മദിപ്പിക്കുന്ന മണവുമാണ്. കാറ്റിലെപ്പോഴും ഇലകളുടെ മതിഭ്രമം പകരുന്ന മര്‍മരം. ചിലപ്പോള്‍ കാറ്റിനു നിറമുണ്ടെന്നും അത് കടുംപച്ചയാണെന്നും തോന്നും. നീലഗിരിക്കുന്നുകളിലെ ചോലക്കാടുകളിലെ തണുപ്പും ശുദ്ധിയും ഓരോ വളവിലും തിരുവിലും പകര്‍ന്നു ചാലിയാര്‍ താഴോട്ട് ഒഴുകികൊണ്ടിരുന്നു. തണുത്ത പുലര്‍കാലങ്ങള്‍ ഇളം പുകയില്‍ മുങ്ങി നിന്ന ഗ്രാമങ്ങള്‍ ഈ പരിശുദ്ധിയിലേക്ക് ഉണരുകയും ഈ തണുപ്പില്‍ മൂടി പുതച്ചുറങ്ങുകയും ചെയ്തു.

“ഒന്നുറങ്ങാന്‍ സമ്മതിക്കൂ.. പ്ലീസ്..” ഞാന്‍ പുതപ്പു പിന്നെയും തലവഴിയിട്ടു മൂടി.

“മതി ഒറങ്ങീത്. കല്യാണത്തിനു പോണ്ടേ?” അവള്‍ കുലുക്കി വിളിക്കാന്‍ തുടങ്ങി

അയ്യോ ഇന്നുമുണ്ടോ കല്യാണം?. പകുതി ഉറക്കം അപ്പോള്‍ തന്നെ പോയി

“ഏതു കല്യാണം....?”

“ങേ.... ഏതു കല്യാണംന്നോ.. വീ പീ ഹാളില്, ഉസ്മാനാജിന്‍റെ മോളെ”
അവള് കളിയാക്കി ചിരിക്കുന്നു. ഇത്ര ഓര്‍മ നിക്കാത്ത ഒരു മനുഷ്യന്‍.

പിന്നേ ഉസ്മാനാജീന്‍റെ മോളെ കല്യാണം മംഗള്‍യാനിന്‍റെ വിക്ഷേപണല്ലേ ഇത്ര ഓര്‍ത്തു വക്കാന്‍.

ഞാന്‍ സംയമനം പാലിച്ചു കൊണ്ട് ചോദിച്ചു “അതല്ലേ കുട്ടീ ഇന്നലെ കഴിഞ്ഞത് ?”

‘ഇന്നലെ മൈലാഞ്ചിയല്ലേ കഴിഞ്ഞത്...’

“അപ്പോ മിനിഞ്ഞാന്ന്‍? !!!!”

“അത് ചെറിയ മൈലാഞ്ചി”

സത്യത്തില്‍ ഇന്നലത്തെ ആളും ബഹളവും ഉമ്പായിയുടെ ഗസലും മറ്റും കേട്ടപ്പോ ഞാന്‍ കരുതി കല്യാണം ഇന്നലെ ആയിരുന്നുവെന്ന്. ഒക്കെ കഴിഞ്ഞു നട്ടപ്പാതിരക്കാണ് വീട്ടില്‍ വന്നു കിടന്നത്. ഇപ്പൊ ഇതാ അവ്വല് സുബഹിക്ക് ഇന്നത്തെ നാടകം തുടങ്ങുകയായി.

അവള്‍ കാര്യമായി ഒരുങ്ങുകയാണ്...

“ഇനിയിപ്പോ നാളത്തെ സല്‍ക്കാരത്തിന് ഏതു സാരിയെടുക്കും.....” തിരച്ചിലിനിടക്ക് അവളുടെ ആത്മഗതം

നാളെ ഇനി സല്‍ക്കാരവും ഉണ്ടോ !!!!! പടച്ചോനെ... ബാക്കിയുള്ള ഒറക്കവും കൂടി ഗുഡല്ലൂര് വഴി ഊട്ടിയിലേക്ക് കടന്നു.

എനിക്ക് ദേഷ്യം വരുന്നു.

പ്രീയപ്പെട്ട നാട്ടുകാരേ, വോട്ടര്‍മാരേ..
എന്തൊരു ആക്രമകാരികളാണ് നിങ്ങള്‍. മുദീറിന്‍റെ കയ്യും കാലും പിടിച്ചു  കിട്ടുന്ന എണ്ണിച്ചുട്ട ദിവസങ്ങളെങ്കിലും ഒന്ന് സ്വസ്ഥമായി ജീവിക്കാന്‍ നിങ്ങള്‍ സമ്മതിക്കൂലേ? ഈ മാതിരി അഞ്ചു കല്യാണം കൂടിയാല്‍ ഞങ്ങടെ ഒരു കൊല്ലത്തെ അവധിക്കാലം സ്വാഹ....

അവളുടെ ആവേശം കണ്ടോ... സാരി കയ്യിലെടുത്തു അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു....... ഇവറ്റകളുടെ ഈ ആവേശമാണ് ഇതിനൊക്കെ അടിസ്ഥാന കാരണം. ദിവസങ്ങള്‍ നീളുന്ന കല്യാണനേര്‍ച്ചകള്‍ കണ്ടുപിടിച്ചതിനു നോബേല്‍ സമ്മാനം കൊടുക്കുകയാണെങ്കില്‍ ജ്വല്ലറിക്കാരുടേം തുണികടക്കാരുടേം ഒപ്പം ഈ കല്യാണം, സല്‍ക്കാരം എന്നൊക്കെ കേള്‍ക്കുമ്പോഴെക്കും കൂറകള്‍ പത്തായത്തില്‍ ഓടുന്ന പോലെ പരക്കം പാച്ചില്‍ തുടങ്ങുന്ന ഇവറ്റകള്‍ക്കും തുല്യമായ അവകാശമുണ്ട്.

“ഞാന്‍ വരണില്ല. ഇങ്ങള്‍ എല്ലാരും കൂടി പൊയ്ക്കോളിം.” ഞാന്‍ പ്രഖ്യാപിച്ചു.

“അതെന്തേ... മോശല്ലേ? അവര്‍ക്ക് എന്താ തോന്നുക...?”

ഒലക്ക..... പതിനായിരം ആള്‍കാരെടെന്നു ഞാന്‍ വരാത്തത് കണ്ടുപിടിക്കല്ലേ.. എന്ന് ഞാന്‍ പറഞ്ഞില്ല. മൌനം ചെലപ്പോളല്ല എപ്പോഴും ഗുണം ചെയ്യും.

“ഉച്ചക്കത്തെ ചോറോ? ഇബടെ ആരും ഉണ്ടാവൂല..ട്ടോ” മൂപ്പത്തി
“ഞാന്‍ എവിടുന്നെങ്കിലും തിന്നോളാ..”

“ബൈക്ക് എടുത്തു പോണ്ട ട്ടോ... മഴക്കാലാണ്...” 

“കാറില് അടച്ചു പൂട്ടി നടക്കാനാണെങ്കി കായി ചെലവാക്കി നാട്ടില്‍ വരണോ?”

അവള്‍ എന്നെയൊന്നു നോക്കി... നല്ലൊരു കല്യാണദിവസായിട്ടു ഇന്നു ഞാന്‍ ക്ഷമിച്ചിരിക്കുന്നു... എന്നു പറയും പോലെ ഒരു നോട്ടം. എനിക്ക് ചിരി വന്നു.

ഓര്‍ക്കാതെ സ്വന്തമായി കയ്യില്‍ കിട്ടിയ ഒരു ദിവസം.... എവിടെ കറങ്ങും?

പഠിച്ച കോളേജ് ഇവിടെ അടുത്തല്ലേ... ഒന്ന് പോയാലോ? ഇന്ന് ഞായറാഴ്ച, അതുകൊണ്ട് തന്നെ ചവിട്ടേറ്റു നിറം പോകാതെ വാകപൂവുകള്‍ കോളേജ്മുറ്റം നിറയെ വീണു കിടക്കുന്നുണ്ടാവും. ഓര്‍മകളുടെ മഞ്ഞുകണങ്ങളില്‍ മഴവില്ല് വിരിയിച്ച്...

എത്ര വര്‍ഷം മുമ്പാണ് അവസാനമായി കോളേജില്‍ പോയത്... 

ഓര്‍മയില്ല. ഇന്ന് പോയാല്‍ ഓരോ ബ്ലോക്കിലും കയറി ഇറങ്ങി സ്വയം മറന്നു ഒറ്റയ്ക്കങ്ങിനെ നടക്കാം.

അല്ലെങ്കില്‍... അല്ലെങ്കില്‍ പൂക്കൊട്ടുംപാടത്ത് പോയി കൂട്ടുകാരെയൊക്കെ ഒക്കെ ഒന്ന് കണ്ട് വന്നാലോ... അത് മതി.


ഹെല്‍മെറ്റ്‌ വച്ച് വണ്ടി ഓടിച്ചിട്ട് ഒരു സുഖവുമില്ല... ഊരി വച്ചു  
സുഖമുള്ള തണുത്ത കാറ്റ്....

കൊളപ്പാടന്‍ മലയിലെ മലമുത്തന്‍ കുടികളുടെ മുറ്റത്ത്‌ മേഘങ്ങള്‍ കളിയ്ക്കാന്‍ ഇറങ്ങിയിരിക്കുന്നു.

എന്തൊരു തണുപ്പ്.......... എന്തൊരു  പച്ചപ്പ് !!!!

ഓരോ പ്രവാസിയെയും നീ ഇങ്ങനെ കൊതിപ്പിക്കുന്നത് എന്തിനാണ്?

പൂക്കോട്ടുംപാടത്ത് കൊറേ കറങ്ങി നോക്കി. ഒരാളെയും കണ്ടു കിട്ടീല. കേശവനും ഷാജിയും.... ജയശങ്കറും കടവത്തും.... പഹയന്മാരൊന്നും സ്ഥലത്തില്ല.

പണ്ട് കോളേജ് നാടകങ്ങള്‍ റിഹേര്‍സല്‍ ചെയ്യാന്‍ എത്ര പ്രാവശ്യം ഇവടത്തെ ഈ എല്‍ പി സ്കൂളില്‍ വന്നു തങ്ങിയിരിക്കുന്നു.

ഭാഗ്യത്തിനു ഹസ്സന്‍ കോയ തങ്ങള്‍ പീടികയില്‍ ഉണ്ട്. പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട... ആള് ചെറുപ്പക്കാരനാ ട്ടോ.... കയ്യിലിരിപ്പും. വല്യ സ്വര്‍ണകച്ചോടക്കാരനായി മൂപ്പര്‍. അവന്‍റെ വക ചോറും ബഡായിയും നിറച്ചുണ്ടു.

ഉച്ച തിരിഞ്ഞു അവിടുന്ന്  തിരിച്ചപ്പോ.

വുഡ് കോംപ്ലകസിന്‍റെ ഇട റോഡില്‍ നിന്ന്‍ ആ ചങ്ങാതിയും അവന്‍റെ സൈക്കിളും പറന്നു വന്നത് പെട്ടെന്നാണ്. സ്വപ്നം കണ്ടു കണ്ടു വന്ന ഞാന്‍ ഒരു മാത്ര വൈകി. തലനാരിഴക്ക് അപകടം ഒഴിവായി. പക്ഷെ വെപ്രാളത്തില്‍ ബാലന്‍സ് തെറ്റി അയാളും സൈക്കിളും കൂടി കൊപ്ലെകസിന്‍റെ മതിലിനു പുറത്തു അടുക്കി വച്ച തേക്കിന്‍ കഴകളിലേക്ക് ശക്തിയായ് ചെന്ന് ഇടിച്ചു വീണു.

പത്തിരുപതു വയസുള്ള മെലിഞ്ഞുണങ്ങിയ ഇരുനിറമുള്ള ഒരു കുട്ടി.  
നെഞ്ചിലും കാല്‍മുട്ടിലും തോല് പോയി. ചോര നന്നായി പൊടിയുന്നു.
“പെട്ടെന്ന് റോഡിലേക്ക് കേറിയപ്പോ ഞാന്‍ ...” ഞാന്‍ പറഞ്ഞു തുടങ്ങി
“അത് സാരല്ല്യ..... ഇങ്ങള് പോയിക്കോളിന്‍....... പൊയ്ക്കോളിന്നു”
“വേദനണ്ടോ...... അസ്പത്രീ പോണോ?”

അവന്‍ വേണ്ടെന്നു തലയാട്ടി

സൈക്കിളിന്‍റെ ഹാന്‍ഡില്‍ ഒരു വശത്തേക്കു കോടി പോയിരിന്നു. ഞാനത് ശരിയാക്കാന്‍ തുടങ്ങിയപ്പോഴക്കും അവന്‍ എണീറ്റു സൈക്കിളും വാങ്ങി വേച്ച് വേച്ച് നടന്നു പോയി.

ഇതേ പോലെ.... വേച്ചു വേച്ച് നടന്നു പോയ ഒരാള്‍... ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പ്.... ആ പഴയ കടം...

ദൈവമേ... ഇത്രകാലം എന്തുകൊണ്ട് ഞാന്‍ അയാളെ ഓര്‍ത്തില്ല.
ഒന്ന് പോയി കാണേണ്ടതല്ലേ? ഓര്‍മയുണ്ടാവുമോ?

ഹോ... ഏപ്രില്‍ മാസത്തിലെ കൊടുംചൂട്.... രാത്രി ഒരു മണിയായി പുഴുങ്ങലിനൊരു കുറവുമില്ല.

യൂനിവേര്‍സിറ്റിയിലെ കഴുതകള്‍ക്ക് പരീക്ഷകളൊക്കെ ഫെബ്രുവരിക്കു മുന്‍പ് തീര്‍ത്തൂടെ? എപ്രിലില്‍ സ്റ്റഡി ലീവ്... മെയില്‍ പരീക്ഷ.. ഈ ചൂട് സഹിച്ചു  എങ്ങനെ സ്വസ്ഥമായിരുന്നു പഠിക്കും....?
വിയര്‍ത്തു കുളിക്കുന്നു.

കാന്തള്ളൂര്‍ ലോഡ്ജിലെ ഒന്നാം നിലയില്‍ ഇപ്പോള്‍ ഞങ്ങള്‍ നാലഞ്ചു ഡിഗ്രിക്കാരും, താഴെ കുറച്ചു പീ ജീ ക്കാരും മാത്രമേ ഉള്ളൂ. പ്രീഡിഗ്രിക്കാര്‍ എല്ലാവരും എക്സാം കഴിഞ്ഞു നാട്ടില്‍ പോയി.
വരാന്തയില്‍ കട്ടില് പിടിച്ചിട്ട് കുറ്റ്യാടിക്കാരന്‍ ഷാനവാസ് കിടന്നുറങ്ങുന്നു. പുസ്തകം മലര്‍ത്തി നെഞ്ചത്ത്‌ തന്നെ വച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ ഒറ്റ പേപ്പര്‍ കിട്ടിയിട്ടില്ല മൂപ്പര്‍ക്ക് എന്നാല്‍ അതിന്‍റെ അഹങ്കാരം ആ കൂര്‍ക്കം വലിയില്‍ തീരെയില്ലതാനും.
കോളേജ് ഗ്രൗണ്ടില്‍ നിന്ന് രാപക്ഷികള്‍ ഉറക്കെ ഉറക്കെ കൂവുന്നു.
ഷാനവാസേ ഡാ... ഡാ.. എണീക്ക്...... എണീക്കെടാ
പഠിച്ചിട്ടു ഒന്നും തലേല്‍ കേറുന്നില്ല... ഒന്നുഷാറാവാന്‍ എന്താണൊരു വഴി...
മാങ്ങാ... പാല്‍ക്കാരന്‍ മജീദാക്കാന്‍റെ മാവിലെ പഴുത്ത മാങ്ങാ... ഇന്നു പകലും കൂടി കണ്ടതാണ്

ലോഡ്ജിന്‍റെ തൊട്ട വീടാണ് മജീദാക്കാന്‍റെ ഓടിട്ട കുഞ്ഞു വീട്. വശത്തായി ഒരു തൊഴുത്തുണ്ട്. അവരുടെ ഒരേയൊരു വരുമാന മാര്‍ഗം തൊഴുത്തിലെ മൂന്ന് എരുമകളാണ്.

വീടിനു മുന്‍ഭാഗത്തെ മുറ്റത്തു തന്നെയാണ് മാവ് നില്‍ക്കുന്നത്
ആളെ മനസിലാവരുത് ഓരോരുത്തരും പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട് തലമൂടി ഓരോരോ വേഷങ്ങളെടുത്തിട്ടു. ആര് കണ്ടാലും പേടിക്കുന്ന  കൊറേ രൂപങ്ങള്‍.

കോഴി മധു മാവില്‍ വലിഞ്ഞു കയറി. ഈ നട്ടപാതിരക്കും അവന്‍റെ കയറ്റത്തിന് നല്ല സ്പീഡ്. കെമിസ്ട്രി കിട്ടീലെങ്കിലെന്താ അവനു കള്ള് ചെത്താന്‍ ധൈര്യായിട്ടു പോവാം.

ഞങ്ങള്‍ മാവിന് ചുറ്റും പേടിപ്പിക്കും വിധം നൃത്ത ചുവടുകള്‍ വച്ചു.
ഉം....ഉം...ഉം..... അമര്‍ത്തി മൂളിയൊരു വികൃത നൃത്തം
എരുമകള്‍ വിരൂപികളെ കണ്ടു അമറാന്‍ തുടങ്ങി. കയറു പൊട്ടിക്കാന്‍ ശ്രമിക്കുന്നു

വീടിനുള്ളില്‍ വെളിച്ചം വന്നു

“ആരെടാ അത്..... ആരെടാ..” ജനലിലൂടെ പേടിച്ചു വിറച്ച് മജീദാക്ക. മുഖം മറച്ച ഞങള്‍ കൊറേ പേര്‍.

മൂപ്പര്‍ക്ക് പുറത്തിറങ്ങാന്‍ പേടി... ഭാര്യ ഉന്തി പുറത്താക്കാന്‍ നോക്കിയിട്ടും മജീദാക്ക പുറത്തിറങ്ങിയില്ല. 

“ആരാന്നു നോക്കീ...... ഒന്നങ്ങോട്ടു ഇറങ്ങി നോക്കീ മനുഷ്യാ..... അതാ ലോഡ്ജിലെ ചെക്കന്മാര്‍ ആവ്വുംന്ന്‍.........” അയാളുടെ ഭാര്യ ഒറക്കെ പറയുന്നത് കേള്‍ക്കാം.

മജീദാക്ക പുറത്തിറങ്ങിയില്ല.

ആ മാങ്ങകള്‍ക്ക് എന്തൊരു മധുരമായിരുന്നു.

ആ സംഭവം നാട്ടുകാര്‍ ഏറ്റെടുക്കുകയും വേറെ കുറെ അനിഷ്ട സംഭവങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്തു. ഞങ്ങള്‍ക്കെതിരായി നാട്ടുകാര്‍ക്കും കോളേജ് പ്രിന്‍സിപ്പലിനും പരാതി കൊടുത്തതോടെയാണ്‌ മജീദാക്കാനെ ഞാനും ഷാനവാസും കൂടി പേടിപ്പിക്കാന്‍ തീരുമാനിച്ചത്, പ്ലാന്‍ ചെയ്തത്. അങ്ങിനെയാണ് മമ്പാട് അങ്ങാടിയിലേക്ക് പാലുമായി സൈക്കിളില്‍ പോയ അയാള്‍ ബാലന്‍സ് തെറ്റി കോളേജിന്‍റെ അകെഷ്യ തോട്ടത്തിനു അതിരിട്ട കമ്പിവേലിയിലേക്ക് വീണത്. ഇന്നും കണ്ണിലുണ്ട്.... ആ കറുത്ത് കുറിയ മനുഷ്യന്‍ പാലില്‍ കുളിച്ചു എഴുന്നേറ്റു നിന്നത്. അയാളുടെ നെറ്റിയില്‍ കമ്പിവേലി കീറിയ മുറിവില്‍ നിന്നും പാലിന്‍റെ വെണ്മയിലൂടെ അയാളുടെ കറുപ്പിലൂടെ ഒലിച്ചിറങ്ങിയ ചോരയുടെ അത് വരെ കാണാത്ത നിറം......

ഒരു കൈകൊണ്ടു നെറ്റി പൊത്തിപ്പിടിച്ചു ഒരക്ഷരം മിണ്ടാതെ സൈക്കിള്‍ ഉന്തി വേച്ച് വേച്ച് നടന്നു പോയ അയാള്‍...

ഒന്ന് പേടിപ്പിക്കണം എന്നേ ഞങ്ങള്‍ കരുതിയുള്ളൂ... പക്ഷെ

അന്ന് വൈകിട്ട് വീട്ടിലേക്ക് വിളിപ്പിച്ച പ്രിന്‍സിപ്പല്‍ എക്സാം ഹാള്‍ ടിക്കറ്റ്‌ തിരിച്ചു വാങ്ങിച്ചു. എക്സാം എഴുതാതെ നാട്ടിലേക്ക് പോവാന്‍ പറഞ്ഞു.

പ്രിന്‍സി കൂടുതല്‍ ഒന്നും പറഞ്ഞില്ല.

ആധി പിടിച്ച ദിവസങ്ങള്‍ കടന്നു പോവുന്നു. പഠിക്കണോ? പരീക്ഷ എഴുതാന്‍ പറ്റുമോ?.... നഷ്ടപെടുന്ന ഒരു വര്‍ഷം..... വീട്ടില്‍ എന്ത് പറയും...

നെറ്റിയില്‍ വലിയ ഒരു മുറിവ് കെട്ടുമായി മജീദാക്ക എന്നും ലോഡ്ജിനു മുന്നിലൂടെ പാലുമായി പോവുന്നത് കാണാമായിരുന്നു.
പരീക്ഷയുടെ തലേന്ന് പ്യൂണ്‍ മുഹമ്മദ്‌ ഹാള്‍ ടിക്കറ്റ്‌ തിരിച്ചു കൊണ്ടുവന്നു തന്നു. അതിയായ അത്ഭുതം.... സന്തോഷം...

മുഹമ്മദ്‌ ഇത്ര കൂടെ പറഞ്ഞു... “ആ മജീദാക്കന്‍റെ നല്ല മനസ്സു മക്കളെ. അല്ലെങ്കി ഇജ്ജോന്നും ഈ കൊല്ലം പരീക്ഷ എഴുതൂല”

കോളേജ് മൈതാനത്ത് എരുമയെ പുല്ലു തീറ്റിക്കാന്‍ പോവുമ്പോഴോക്കെ  മജീദാക്ക പ്രിന്‍സിപ്പലിന്‍റെ വീട്ടില്‍ പോയി ഞങ്ങള്‍ക്ക് വേണ്ടി വക്കാലത്ത് പറയുമായിരുന്നു എന്ന് മുഹമദ് പറഞ്ഞു.

ഞങ്ങള്‍ എന്ത് പറയാന്‍ !!

പരീക്ഷ കഴിഞ്ഞു എല്ലാരും പിരിഞ്ഞു....

പക്ഷെ മജീദാക്ക എന്ന കറുത്തു കുള്ളനായ, ഞങ്ങള്‍ക്കു വേണ്ടി എന്നും പ്രിന്‍സിയുടെ ചീത്ത കേട്ട ആ ദരിദ്രനാരായണനെ പിരിയുമ്പോള്‍ ഒരു നന്ദിവാക്ക് പോലും പറയാതെ ഞങ്ങള്‍ മറന്നേ പോയി...........



നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം

അയാളുടെ പഴയ വീട് പൊളിച്ചു ചെറിയൊരു വാര്‍പ്പ് വീട്. കഥാനായകന്‍ മാവ് മുറ്റത്ത്‌ തന്നെയുണ്ട്‌. തൊഴുത്ത് വീടിനു പിന്ഭാഗത്തേക്ക് മാറ്റിയിരിക്കുന്നു.

വാതില്‍ തുറന്നത് മജീദാക്കയാണ്... മുടി മുഴുവന്‍ നരച്ചിരിക്കുന്നു. കട്ടി കണ്ണടയ്ക്കുള്ളില്ലൂടെ എന്നെ നോക്കി.

ദൈവമേ അയാളുടെ നെറ്റിയില്‍ ഞങ്ങള്‍ സമ്മാനിച്ച ആഴത്തിലുള്ള മുറിവിന്‍റെ വടു ഇന്നും വ്യക്തമായി കാണാം.

അയാളുടെ ഭാര്യ കുറച്ചു നേരം വാതിലിനപ്പുറത്ത്‌ നിന്ന് സംസാരിച്ചു അടുക്കളയിലേക്കു പോയി.

പത്തിരുപ്പത്തിമൂന്നു കൊല്ലം മുന്‍പ് താമസിച്ചു പഠിച്ചു പോയ ഒരാള്‍ എന്നാണ് ഞാന്‍ പരിചയപ്പെടുത്തിയത്.. “പേര് ഷാജി”
കൊറേ നേരം എന്നെ നോക്കിയിരുന്നു മജീദാക്ക

ആള്‍ക്ക് കുറേശ്ശെ ഓര്‍മ പിശകുണ്ട്. കാന്തളൂര്‍ ലോഡ്ജില്‍ അന്ന് താമസിച്ചിരുന്ന അധികം ആരെയും മൂപ്പര്‍ ഓര്‍ക്കുന്നില്ല.

മജീദാക്കന്‍റെ കുട്ടികളൊക്കെ വലുതായി.. ഒരാള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളുടെ മൊത്ത കച്ചവടം ഉണ്ട്. അത് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി പോകുന്നു. വീട് അവനാണ് പുതുക്കി പണിതത്. എനിക്ക് അതിയായ സന്തോഷം തോന്നി.

അതിനിടെക്ക് അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.... “ നിക്ക് ആകെ ഓര്‍മ ള്ളത് സാജിദിനിം സാനവാസിനിം പിന്നെ മധൂനിം. വേറെ എല്ലാരും ഓര്‍മീന്നു പോയിക്കണ്”.

അന്തിച്ചു പോയി ഞാന്‍. എന്നെ അയാള്‍ ഓര്‍ക്കുന്നു.

“ആ ഷാജിദ് ഞാന്‍ ................” ഒരുവിധം പറഞ്ഞൊപ്പിച്ചു.

എനിക്ക് അയാളുടെ മുഖത്തോട്ടു നോക്കാന്‍ വയ്യ. അയാളുടെ പ്രതികരണം കാണാന്‍ വയ്യ. താഴോട്ട് നോക്കിയിരുന്നു ഞാന്‍.

അയാള്‍ എന്‍റെ അടുത്ത് വന്നു നിന്നു. അയാള്‍ക്കെങ്ങിനെ മനസിലായി എന്‍റെ സങ്കടത്തിന്‍റെ ആഴം? പതുക്കെ എന്‍റെ പുറത്തു കൈ വച്ചു

 “പതിനായിരക്കണക്കിനു കുട്ട്യോള് ഈ കോളേജില്‍ പഠിച്ചു പോയിലേ. ന്നാ കേട്ടോ മജീദാക്കാനെ കാണാന്‍ വന്ന ആദ്യത്തെ ആള്‍ ഇജാണ്. അതെന്തോണ്ടാ? പണ്ട് അങ്ങനെയൊക്കെ നടന്നതോണ്ട്. ല്ലേ. അതൊന്നും സാരല്ല്യടാ”

കണ്ണുകളില്‍ കരടു പോയോ?.

അന്നു ഞാന്‍ വളരെ കാലത്തിനു ശേഷം എന്‍റെ കാംപസിലൂടെ കൂറെയേറെ നേരം അലഞ്ഞു നടന്നു.

അവസാനം സ്റ്റേജിലെ പടിയില്‍ വന്നിരുന്നു. ഇപ്പോള്‍‌‍‌ എനിക്ക് വ്യക്തമായി കാണാം..... കുട്ടികളും മാഷ്മാരും നിറഞ്ഞ പന്തല്‍, കേള്‍ക്കാം ആ ആരവം.. 

കോളേജ് ഡേ

ഇംഗ്ലീഷ് പ്രഫസ്സര്‍ ഹാഷിം സാര്‍ അനൌണ്‍സ് ചെയുന്നു
“നെക്സ്റ്റ് ഐറ്റം ഈസ് ടിറ്റായ് ടിറ്റായ് ടാരേ ബൈ ബീനാ റാണി കെ”

എന്‍റെ അടുത്ത് തന്നെ ഹാഷിം സാറിന്‍റെ മകന്‍, എന്‍റെ പ്രിയ സ്നേഹിതന്‍ ശുഹൈബ് നില്‍ക്കുന്നു. കാക്കിയിട്ട്. എന്‍ സി സി വോളണ്ടിയരാണ്. ജില്ല എസ്പി ആണെന്നാണ് അവന്‍റെ വിചാരം. കൊടുത്തു ചന്തിക്കിട്ട് നല്ലൊരു പൂശല്‍.

“അള്ളോ” അവന്‍ വേദന കൊണ്ട് പുളഞ്ഞു പോയി. അവന്‍റെ കണ്ണട തെറിച്ച് പോവേണ്ടതായിരുന്നു.

“ഇതെന്തിനാന്നു മനസിലായോ?” പുകഞ്ഞ ഭാഗം അമര്‍ത്തി ഉഴിഞ്ഞു കൊണ്ട് അവന്‍ തല കുലുക്കി.

“ബാപ്പാനെ എന്താണ്ട ഇന്ന് പഠിപ്പിക്ക്യ, പറയട എന്താന്ന്‍?”

അവന്‍ പറഞ്ഞു

“നെക്സ്റ്റ് ഐറ്റം ഇസ് തിത്തൈയ് തിത്തൈയ് താരേ ബൈ ബീനാ റാണി കെ”

“ങാ... ഒന്നും കൂടി പറ തിത്തൈയ് തിത്തൈയ് ....”

പിന്നെ റയീസ് മുഹമ്മദ്‌ സാര്‍  അവസാന വര്‍ഷക്കാരുടെ മനസിലേക്ക് ചൂടും തണുപ്പും പ്രണയവും വിരഹവുമായി പെയ്തിറങ്ങി.

“ചല്‍തേ ചല്‍തേ മേരെ യേഹ് ഗീത് യാദ് രഖ്നാ
കഭി അല്‍വിദ നാ കഹനാ, കഭി അല്‍വിദ നാ കഹനാ...”

മജീദാക്ക കോളേജ് മൈതാനം മുറിച്ചു ഇങ്ങോട്ട് വരുന്നു. ഞാന്‍ കോളേജില്‍ ഉണ്ടാകും കുറച്ചു നേരം എന്ന് പറഞ്ഞിരുന്നു.
കയ്യില്‍ ചെറിയ ഒരു സഞ്ചിയുണ്ട്.

സഞ്ചിയില്‍ അഞ്ചാറ് മാങ്ങ.

“ഇക്കൊല്ലത്തെ അവസാനത്തെ മാങ്ങേ... പൊവുക്കാന്‍ വച്ചത് ഇപ്പളാ ഓര്‍മ വന്നത്. ങാ.... പിന്നെയ്യ് ഇത് അനക്കല്ല ട്ടോ, അന്‍റെ കുട്ട്യേക്കുള്ളതാണ്. ഇജി കൊറേ കട്ട് തിന്നിലെ...” ആ പാവം നിഷ്കളങ്കമായി ചിരിച്ചു തിരിഞ്ഞു നടന്നു.

ചില കടങ്ങള്‍ അങ്ങിനെയാണ്...... ഒരിക്കലും വീട്ടാന്‍ പറ്റാതെ അതങ്ങനെ....

മഗരിബ് ബാങ്ക് കൊടുത്തു..

കൊളപ്പാടന്‍ മലയുടെ നിഴല്‍ ഇങ്ങെത്തിയിരിക്കുന്നു..... 
ഞാന്‍ പുറപെടട്ടെ... കല്യാണ പാര്‍ട്ടി തിരിച്ചെത്തിയിട്ടുണ്ടാവും.

അല്‍വിദ............ അടുത്ത അവധിക്കാലം വരേയ്ക്കും 

Friday, October 17, 2014

അര്‍ബാബും കുമാരന്‍ ഡ്രൈവറും

    ഓ... ഇന്നും വൈകി. ആറര കഴിഞ്ഞു. എല്ലാവരും വീട് പിടിച്ചു. ഓഫീസു ബോയ്‌ സൈനുദ്ധീന്‍ മാത്രമുണ്ട് മൊബൈലില്‍ എന്തോ കുത്തിക്കൊണ്ടിരിക്കുന്നു. ഞാനും കൂടി ഇറങ്ങിയിട്ട് വേണം അവനു ഓഫീസു പൂട്ടി വീട്ടില്‍ പോവാന്‍. ആ ചെങ്ങായി പ്രാകുന്നുണ്ടാകും.
അല്ലെങ്കിലും ഇനി ഇരുന്നിട്ട് കാര്യമില്ല. ഒരു പണിയും നടക്കില്ല. തിരിച്ചു ഓടിക്കാനുള്ള നൂറ്റി ഇരുപതു കിലോമീറ്റര്‍ ഓര്‍ത്തു മാത്രമല്ല കമ്പ്യൂട്ടറില്‍ ഇടക്കിടെ ഒരു സ്ക്രീന്‍ സേവര്‍ പോലെ ദേഷ്യം പിടിച്ച വീട്ടുകാരിയുടെ മുഖം വരുന്നുണ്ടോ എന്ന് സംശയം തോന്നും.
ഇനി എമിരേറ്റ്സ് റോഡിലെ മുഴുവന്‍ ട്രാഫിക്കും അനുഭവിച്ചു റാസ്‌ അല്‍ ഖൈമയിലെ വീട്ടിലെത്തുമ്പോഴേക്കും ഒമ്പതര മണിയെങ്കിലും ആവും. കുട്ടികളുടെ പഠിപ്പില്‍ ശ്രദ്ധിക്കാത്ത, വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കുകയോ അറിയുകയോ ചെയ്യാത്ത, എന്നും നേരം വൈകി വരുന്ന ഗൃഹനാഥന്‍റെ ഇന്നത്തെ കാര്യം കൂടി അങ്ങനെ ഒരു തീരുമാനമായി. എന്നും കരുതും ജാസ്മിന് ഒരു ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങി കൊടുക്കണം എന്ന്. അവളുടെ പരിഭവത്തിനു എന്നും ഒരേ ടോണ്‍ ഒരേ കാര്യം എന്നാ പിന്നെ റെക്കോര്‍ഡ്‌ ചെയ്തു വച്ച് എന്നും പ്ലേ ചെയ്താല്‍ പോരെ..
ഓഫീസിന്‍റെ ഗേറ്റ് ഇറങ്ങുമ്പോള്‍ തന്നെ പേടിയാകും. തള്ളി തിരക്കി എങ്ങനെയെങ്കിലും ഒന്ന് വീട് പിടിക്കാന്‍ നോക്കുന്ന കാറുകളുടെ എണ്ണവും അക്ഷമരായ ആളുകളുടെ മുഖവും ...
മക്കളെ നിങ്ങള്‍ക്കൊക്കെ ഷാര്‍ജയിലോ അജ്മാനിലോ ഒക്കെ എത്തിയാല്‍ മതി, കൂടിയാല്‍ ഒരു മുപ്പതു കിലോ മീറ്റര്‍.... എനിക്ക് അങ്ങ് റാസ്‌ അല്‍ ഖൈമയിലെത്തണം...വഴി മാറടാ മുണ്ടക്കല്‍ ശേഖരാ.... നേരെ മുന്‍പിലെ ട്രക്കിലെ പട്ടാണി ശേഖരന്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.

ആരും വഴി മാറുന്നതിനു മുന്‍പ് തന്നെ അത് സംഭവിച്ചു. 
ഗേറ്റിനു പുറത്തു മതിലിനരികിലായി പഴയ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. അതിന്‍റെ ഡോര്‍ വലിച്ചടച്ചു ഒരറബി എന്‍റെ കാറിനടുത്തേക്ക് ധൃതിയില്‍ വരുന്നു കയ്യിലെ ചൂരല്‍ വടി ഉയര്‍ത്തി പിടിച്ചു എന്തോ ഉച്ചത്തില്‍ പറയുന്നും ഉണ്ട്. ഇനി ഇത് എന്ത് ഹലാക്കാണ് പടച്ചോനെ? അതാ അറബിയുടെ കൂടെയുള്ള രണ്ടാമനും ഇങ്ങോട്ട് തന്നെ വരുന്നു.

അറബി എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഡോര്‍ തുറന്നു കൈ നീട്ടി ഒരു ഷെയ്ക്ക്ഹാന്‍ഡ്‌ തന്നു നേരെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കഴിഞ്ഞു. കൈകള്‍ക്കു നല്ല ഒരം. പൊട്ടി കീറിയ തഴമ്പ് കൊണ്ട് എന്‍റെ കൈ മുറിയുമെന്ന് തോന്നി. ഇതുവരെ ഇങ്ങനെ പണിയെടുത്ത് തഴമ്പുള്ള അറബിക്കു ഞാന്‍ കൈ കൊടുത്തതായി ഓര്‍ക്കുന്നില്ല. അയാള്‍ നന്നായി വിയര്‍ത്തിരുന്നു. തലയിലെ ഷിമാഗ് അഴിച്ചു മുഖവും നരച്ച കുറ്റിമുടിയുള്ള തലയും തുടക്കാന്‍ തുടങ്ങി.... ഒരറുപത്തഞ്ചു വയസ്സെങ്കിലും ഉണ്ടാവും.. പക്ഷെ നല്ല ചുറുചുറുക്കൊടെയാണ് എല്ലാം ചെയ്യുന്നത്... എല്ലാത്തിലും കാണാം ഒരു ധൃതി. ചിലമ്പിച്ചതെങ്കിലും ഉറക്കെ ഇയാള്‍ എന്താണീ അറബിയില്‍ പറയുന്നത്.
അപ്പോഴാണ്‌ അയാളുടെ വെള്ള വസ്ത്രത്തില്‍ അവിടവിടെ ചോരപ്പാടുകള്‍ കണ്ടത്. എന്ത് പറ്റിയതാണോ?...അപകടം വല്ലതും....
ചോദ്യവും ഉത്തരവും കൂടാതെ അറബിയുടെ കൂടെയുള്ള ആളും നേരെ കാറിന്‍റെ പിന്‍സീറ്റില്‍ കയറിയിരുന്നു. വിയര്‍പ്പിന്‍റെ അസഹനീയമായ മണം.... കറുത്ത് നീണ്ട ഒരാള്‍. ഇടക്കിടെ നരച്ച അയാളുടെ മുടി എണ്ണയിട്ടു പറ്റിച്ചു വാര്‍ന്നിരുന്നു. കണ്ടാല്‍ രാജസ്ഥാനിലെ ഏതോ കുഗ്രാമത്തില്‍ നിന്നും വന്ന ഒരു ജാട്ട്കാരനെ പോലെ തോന്നിച്ചു...
അപകടകാരികള്‍ ആണോ? വല്ല കള്ളന്മോരോ മറ്റോ? അറബിയുടെ വസ്ത്രത്തില്‍ കാണുന്ന ചോര പാടുകള്‍? എന്തോ കുറ്റം ചെയ്തു രക്ഷപെടാന്‍ വേണ്ടിയാണോ എന്‍റെ കാറില്‍ കയറിയത്? അറബി പോലീസും പോലീസ്സ്റ്റേഷനും മനസിലൂടെ ഓടി പോയി. ലാപ്ടോപ്പും ഓഫീസിലെ ചില കടലാസുകളും പിന്‍ സീറ്റിലാണ്. അതെടുത്തോടുമോ? എന്തോ ഒരു പേടി.
വൃദ്ധന്‍ എനിക്കു നേരെ തിരിഞ്ഞു അറബിയില്‍ എന്തോ ചോദിക്കുന്നു

അതിനിടെ കൂട്ടുകാരന്‍റെ ഫോണ്‍... ‘എവിടെ എത്തിയെടാ?.. ഓഫീസില്‍ നിന്നും ഇറങ്ങിയോ?’
‘ഇപ്പൊ ഇറങ്ങിയിട്ടെ ഉള്ളൂ.’
അവനോടു പറയണോ കാറില്‍ കയറിയ ഈ അപരിചിതരെ പറ്റി. മലയാളത്തില്‍ പറഞ്ഞാല്‍ ഇവര്‍ക്ക് മനസിലാവുമോ?
‘ഞാന്‍ പിന്നെ വിളിക്കാടാ...... ഒരു വള്ളികെട്ട് കാറില്‍ കയറിയിട്ടുണ്ട്.. ഒന്നെറക്കിവിടാന്‍ നോക്കട്ടെ... കണ്ടിട്ട് അത്ര പന്തിയല്ല.’
‘ഒ കെ..’ അവന്‍ ഫോണ്‍ കട്ട് ചെയ്തു.
ദൂരെ ട്രാഫിക്‌ സിഗ്നല്‍ പച്ചയായി. വണ്ടികള്‍ക്കു നേരിയ അനക്കം വച്ചു.
വൃദ്ധന്‍ വീണ്ടും അറബിയില്‍ പറഞ്ഞു തുടങ്ങി... ഒന്നും മനസിലാവുന്നില്ല എന്തോ നിര്‍ദേശമാണ്.... എന്തൊരു അധികാരം.... കൈ കൊണ്ടുള്ള ആംഗ്യം കൂടി കണ്ടപ്പോ അതിയായ ദേഷ്യം വന്നു..
ലുലു...ലുലു... എന്ന് പറയണത് മാത്രം മനസിലായി....
‘അറബി മാഫി ... അറബി മാഫി....’ നമ്മളും ആംഗ്യത്തില്‍ പുറകില്ലല്ലോ
‘മലബാറി...? അറബി ചോദിച്ചു.
ഞാന്‍ തല കുലുക്കി
സിഗ്നല്‍ വീണ്ടും ചുവന്നു.
‘ലുലു കെ സാഥ് ഉതാരോ. ഇസ് വക്ത് ഇതര്‍ ടാക്സി മില്നെകെ ബഹുത് മുഷ്ക്കില്‍ ഹൈ’ അറബി എന്നെ അത്ഭുതപെടുത്തികൊണ്ട് മുറി ഹിന്ദിയില്‍ സംസാരം തുടങ്ങി..
പടച്ചോനെ കുടുങ്ങി. ലുലു വില്ലെജിന്‍റെ റോഡിലേക്ക് ഇപ്പൊ കയറിയാല്‍ സംശയിക്കേണ്ട നേരം വെളുത്താലും വീട്ടിലെത്തൂലാ
എന്‍റെ ഹിന്ദി ഭാഷാ പാണ്ഡിത്യം വച്ച് ‘ഹിന്ദി മാഫി’ എന്ന് കൂടി പറയേണ്ടതാണ്. അഭിമാനം സമ്മതിച്ചില്ല. കണ്ടം മുറി ഹിന്ദി പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.
ബാബാ, മേ റാസ്‌ അല്‍ ഖൈമ ജാത്താ ഹൈ... ലുലു റോഡ്‌ മേ നഹി ജാത്താ ഹൈ.’
‘അല്ലാഹ്...’ അയാളുടെ കണ്ണുകളിലെ ദൈന്യത ഇപ്പോള്‍ ഞാന്‍ വ്യക്തമായും കണ്ടു.
‘കുമാറാ ഇതര്‍ ഉതാരോ.. കുമാറാ...’ അറബി ഡോര്‍ ഹാന്‍ഡില്‍ തപ്പാന്‍ തുടങ്ങി. എന്തോ ഞാന്‍ പെട്ടെന്ന് അയാളുടെ കയ്യില്‍ പിടിച്ചു.
‘മുഷ്കില്‍ നഹി ബാബാ... ആപ് ബൈട്ടിയെ...’
പെട്ടെന്ന് പിറകില്‍ നിന്നും അടുത്ത അത്ഭുതം..... നല്ല പച്ച മലപ്പുറം മലയാളത്തില്‍.
‘വല്യ ഉപകാരം. ഈ നേരത്ത് ഒറ്റ ടാക്സിക്കാരനെ കിട്ടൂല എത്രപോരം നേരായി ഞങ്ങള്‍ നോക്കണ്’.
‘ഇങ്ങള് മലയാളിയാ... ഞാന്‍ കരുതി..... എന്താ പേര് ?’
‘കുമാരന്‍’
‘നാട്ടില്‍ എവിടെയാ ?’
‘ഞാന്‍ താനൂര് മുക്കോല, ഇങ്ങള്ലോ’
‘ഞാന്‍ തിരൂര്. ചെമ്പ്ര.. കേട്ടിടുണ്ടോ ?’
‘തന്നെ.... കൊറേ പ്രാവശ്യം വന്നെര്‍ക്ന്ന്. ന്‍റെ ഏട്ടന്‍റെ മോളെ അങ്ങട്ടാ കൊടുത്തയച്ചത്‌.. വെറ്റില നുള്ളാന്‍ പോണ സുനീനെ അറിയൊ ?’.
‘ങേ.. നമ്മടെ സുനി. പിന്നെ അറിയാതെ...’ എല്ലാ കൊല്ലവും തറവാട്ടിലെ പറമ്പില്‍ അവന്‍ കൊടി ഇടാറുണ്ട്..
മനസ് നാട്ടിലെ കൊടിക്കൂട്ടങ്ങള്‍ക്കുള്ളിലൂടെ ഒന്ന് കറങ്ങി. തണുപ്പും നനവും.... വെറ്റില നുള്ളുമ്പോള്‍ പൊട്ടിയ വെറ്റിലയുടെ മണം. കൊടിക്കൂട്ടത്തിനു മുകളിലിരുന്നു കളിയാക്കി ചിലക്കുന്ന അണ്ണാറക്കണ്ണന്‍.
‘അര്‍ബാബ് വ്ഹോ മേരെ മുലൂക് ക ആദ്മി ഹൈ...’ കുമാരനു എന്ത് സന്തോഷം.
ഐവാ........അറബി ഞങ്ങളെ നോക്കി ഒറക്കെ ഒറക്കെ ചിരിച്ചു....
എന്താ ഇയാളെ കുപ്പായതിലൊക്കെ ചോര ?’

ഞങ്ങളെ കാറിന്‍റെ പെട്രോള്‍ പൈപ്പ് പൊട്ടി അത് വഴീല്‍ നിന്നു. അര്‍ബാബ് ബ്ലേഡ് എടുത്ത് പൈപ്പ് മുറിച്ചു നന്നക്കിയപ്പോ മൂപ്പരെ കയ്യും മുറിഞ്ഞു പൈപ്പിന്‍റെ മറ്റേ അറ്റോം പൊട്ടി.. ഇഞ്ഞി പൈപ്പ് ഫുള്‍ ആയി മാറ്റണം’’ ഞങ്ങള്‍ രണ്ടു പേരും ചിരിച്ചു... വൃദ്ധനും കാര്യം അറിയാതെ ആ ചിരിയില്‍ പങ്കു ചേര്‍ന്നു....
‘ഇങ്ങക്ക് എന്താ പണി?’ ഞാന്‍ ചോദിച്ചു.

‘അറബാബിന്‍റെ വീട്ടിലെ പണി.... ഡ്രൈവര്‍ വിസയിലാ വന്നത്... പതിനാറാമത്തെ ടെസ്റ്റും പൊട്ടിയപ്പോ... അര്‍ബാബ് പറഞ്ഞു.. കുമാരാ ഇഞ്ഞി ജി ടെസ്റ്റ്‌ നിര്‍ത്തിക്കാള.... ഇപ്പൊ ഇന്‍റെ കാറിനെക്കാളും കായി അന്‍റെ ഡ്രൈവിങ്ങിനു ചെലവായീന്ന്...’ 
ഞാന്‍ പൊട്ടി ചിരിച്ചു പോയി.

‘പക്ഷെ ഒരു കണക്കിന് ഇപ്പളും ഞമ്മള്‍ തന്നേണ് ഡ്രൈവര്‍. മൂപ്പരിക്ക് തീരെ കണ്ണ് പുടിക്കൂലാ.... എങ്ങട്ടു പോവുമ്പോളും ഞാനും കൂടെ പോണം. ലെഫ്ടും റയിട്ടും ബാക്കും സൈഡും ഞമ്മള്‍ നോക്കി പറഞ്ഞു കൊടുക്കണം... ഗീറും സ്ടീരിങ്ങും മൂപ്പരും....’
എനിക്ക് ചിരി
‘എത്ര കാലായി ഇവടെ?’
ഇരുപത്തിമൂന്ന് കൊല്ലായി....
‘ഈ അറബിന്‍റെ ഒപ്പം?’
'വന്നപ്പോ മൊതല് മൂപരോപ്പം'
ഇത്ര കാലം ഒരേ സ്ഥലത്തോ? എനിക്ക് അത്ഭുതം.
‘ആദ്യൊക്കെ ജോലി മാറണം മാറണംന്നു തോന്നെരുന്നു. അതിനെടക്ക് അര്‍ബാബിന്‍റെ ഭാര്യ മരിച്ചു..... അതിപ്പോ പത്തുപതിമൂന്നു കൊല്ലം മുന്‍പ്. ഈ സാധു ഒറ്റക്കയപ്പോ... പിന്നെ ഇനിക്ക് വേറെ എങ്ങോട്ടും പോകാന്‍ തോന്നീല.’
‘ഇന്‍റെ അമ്മ മരിച്ചിട്ട് അച്ഛന്‍ നടന്ന ആ നടപ്പ്....... ഇന്റെ കണ്ണില്‍ ഇപ്പളും ണ്ട്.....’ കുമാരന്‍ പുറത്തേക്കു നോക്കിയിരുന്നു കൊറച്ചു നേരം. പിന്നെ കണ്ണ് തുടച്ചത് ഞാന്‍ കണ്ണാടിയില്‍ കണ്ടു.
.
അറബിന്‍റെ മക്കളൊക്കെ ....?

ഒരാളുണ്ട്... മതം തലക്ക് പിടിച്ചു മദീനയിലെ പള്ളിയിലുണ്ട് .... എപ്പളെങ്കിലും ഒക്കെ വന്നു പോവും.
കുമാരന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു.
‘സരസൊതിയെ... ഇങ്ങനെ വിളിച്ച് ഫോണിനു കായി കളയണ്ട..... അല്ലാന്നു....... ഞങ്ങള് ഇന്ന് വിടും....നാളെ രാവിലെ ആനക്ക് കിട്ടും....’
സാര്‍സോതി.... സാര്‍സോതി......... ഹഹ്ഹ... മൂഖ് മാഫി..... മൂഖ് മാഫി.... അറബി ഒറക്കെ പറഞ്ഞു കൊണ്ടിരുന്നു.
ഭാഗ്യം ഒരു സിഗ്നല്‍ കടന്നു കിട്ടി. കാര്‍ കൊറച്ചു കൂടി മുന്നോട്ടു പോയി.
‘നാട്ടിന്നു ഭാര്യ..... എളേ മോളെ കല്യാണാ അടുത്ത മാസം... അയിന്‍റെ ഓരോ പ്രശ്നങ്ങള്’ കുമാരന്‍ പറഞ്ഞു കൊണ്ടിരുന്നു.
‘ലുലുവില്‍ കല്യാണ സാധനങ്ങള്‍ വാങ്ങാനാ ?’ ഞാന്‍ ചോദിച്ചു.
‘അല്ലല്ല. ലുലൂലെ യു എ ഇ എക്സ്ചേഞ്ചീകൂടി കൊറച്ചു പൈസ അയക്കണം. തട്ടന്മാര്‍ക്ക് കൊറേ കൊടുക്കാന്‍ ഉണ്ടൂന്നു പറഞ്ഞു എന്നും വിളിക്കും. മോക്കുള്ള സ്വര്‍ണം അറബാബിന്‍റെ വക. അയിന്റെ പൈസ അയക്കാനാ’ ‘മൂത്ത രണ്ടു പെണ്മക്കക്കും അര്‍ബാബ് കൊടുത്ത പൊന്നു തന്നെ ഉള്ളു ഇപ്പളും.’
അറബി പോക്കറ്റില്‍ നിന്ന് കുറെ പൈസ എടുത്തു തുപ്പല്‍ തൊട്ടു എണ്ണാന്‍ തുടങ്ങി.
ലുലുവിന്‍റെ മുന്നിലെ പെട്രോള്‍ പംമ്പിലേക്ക് വണ്ടി കയറ്റി നിര്‍ത്തി.
കാറില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് എന്‍റെ കണ്ണിലേക്കു നോക്കി എന്‍റെ വലതുകൈ രണ്ടു കൈക്കുള്ളിലും എടുത്ത് കുറച്ചു നേരം അമര്‍ത്തി പിടിച്ചു അറബി. അയാളുടെ കൈകള്‍ക്കിപ്പോള്‍ ഇളം ചൂട് മാത്രം.
എല്ലാ കൊല്ലവും നാട്ടില്‍ നിന്ന് തിരിച്ചു പോരുന്ന അന്ന് എയര്‍പോര്‍ട്ടിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഉപ്പ ഇത് പോലെ കൈകള്‍ ചേര്‍ത്ത് പിടിക്കും. സ്നേഹത്തിന്‍റെ ചൂടിനു മനസ് തണുപ്പിക്കാന്‍ എന്തൊരു കഴിവാണ് !!!!
ചെറിയ തപ്പലോടെ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി ഒരു കൊച്ചു കുഞ്ഞു നടന്നു പോകും പോലെ ആ വൃദ്ധന്‍ കെട്ടിടത്തിലേക്ക് കയറി.
‘മോനെ പോട്ടെ.... വല്യ ഉപകാരായി.... ഇനി എവുടുന്നെങ്ങിലും കാണാ’ കുമാരേട്ടന്‍
‘ആയിക്കോട്ടെ കുമാരേട്ടാ’... എന്‍റെ ആരോ കാറില്‍ നിന്നിറങ്ങി പോയ പോലെ. കുമാരേട്ടന്‍ എന്ന രാജസ്ഥാനി ജാട്ട് കൊള്ളക്കാരനും കെട്ടിടത്തിലേക്ക് കയറി പോയി.
എനിക്ക് ഉപ്പയെ അപ്പൊ തന്നെ ഫോണ്‍ ചെയ്യണം എന്ന് തോന്നി....
എമിരേറ്റ്സ് റോഡിലെ പതിവായുള്ള ട്രാഫിക്‌ എവിടെ? എന്തോ പിന്നെ റോഡിലൊന്നും ട്രാഫിക്കേ കിട്ടിയില്ല......
കുറച്ചു ദൂരം ഓടിയപ്പോളാണ് ഓര്‍ത്തത്‌ അയ്യോ കുമാരേട്ടന്‍റെ മോള്‍ക്ക്‌ എന്തെങ്കിലും ഒരു ചെറിയ വിവാഹ സമ്മാനം വാങ്ങി കൊടുക്കാമായിരുന്നു. എന്തായാലും നല്ലത് വരട്ടെ ആ കുട്ടിക്ക്.
വീട്ടിന്‍റെ വാതില്‍ തുറന്നത് ജാസ്മിനാണ്
‘എന്താ മനേ ഇന്ന് നേരത്തെയാണല്ലോ, അപ്പൊ പറഞ്ഞാല്‍ കേക്കാനും അറിയാം?’ അവളുടെ കണ്ണില്‍ സന്തോഷത്തിന്‍റെ ചെറിയ ഒരു തിരിനാളം.
ഇവള്‍ കളിയാക്കുകയാണോ? ഞാന്‍ നേരത്തെ എത്തിയോ?


വാച്ചില്‍ നോക്കി... ഏഴ് മണി അമ്പതു മിനിറ്റ്....... ഇതിനു മുമ്പ് ഇത്ര നേരത്തെ ഞാന്‍ എത്തിയിട്ടേ ഇല്ല...